തൊഴിലാളി സെസ് ആഞ്ഞുപിരിക്കുന്നു; അടക്കാത്തവർക്ക് ജപ്തി ഭീഷണി
text_fieldsകാസർകോട്: ഒരു വർഷത്തോളമായി കുടിശ്ശികയായിരിക്കുന്ന നിർമാണ തൊഴിലാളി പെൻഷൻ നൽകുന്നതിനായി സർക്കാർ നിർമാണക്ഷേമ ബോർഡിലേക്കുള്ള സെസ് ആഞ്ഞുപിരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് നിർമാണ തൊഴിലാളി ക്ഷേമ പെൻഷൻ ഒരുപരിധിവരെയെങ്കിലും കൊടുത്തുതീർക്കാനുള്ള ശ്രമത്തിൽ പ്രതിദിനം സർക്കാർ ഖജനാവിലേക്ക് കയറുന്നത് ഒരുകോടിയിലേറെ രൂപ.
സെസ് അടക്കാത്ത ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് റവന്യൂ റിക്കവറി നോട്ടീസും നൽകിക്കൊണ്ട് നടപടി കർശനമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഊർജിത സെസ് പിരിക്കൽ പരിപാടിയാണ് ലേബർ ഓഫിസുകളിൽ നടക്കുന്നത്.
സെസ് നിയമം നിലവിൽവന്ന കാലത്തിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ പട്ടിക പഞ്ചായത്തുകളിൽനിന്നും ശേഖരിച്ച് തഹസിൽദാറുടെ അനുമതിയോടെയാണ് കെട്ടിട ഉടമകൾക്ക് കത്ത് നൽകുന്നത്. സെസ് പിരിക്കേണ്ടത് സർക്കാറാണെങ്കിലും അടക്കാത്തവർക്ക് നാല് ശതമാനം പലിശയും ചേർത്ത് വൻ തുകയാണ് ഈടാക്കുന്നത്.
നോട്ടീസ് ലഭിച്ച് ഹാജരാകാത്തവരുടെ സെസുകൾ ലേബർ ഓഫിസുകൾ സ്വയംനിർണയിച്ച് തീരുമാനിക്കുമെന്നും ജപ്തിക്ക് കലക്ടറെ ചുമതലപ്പെടുത്തുമെന്ന ‘ഭീഷണി’യും കെട്ടിട ഉടമകൾക്ക് നൽകുന്ന കത്തുകളിലുണ്ട്. ഇതോടെ ലേബർ ഓഫിസുകളിലേക്ക് പായുന്നവരുടെ എണ്ണവും കൂടി. കാസർകോട് ജില്ലയിൽമാത്രം 200ലേറെ വീടുകൾ ജപ്തി പട്ടികയിലുണ്ടെന്ന് ലേബർ ഓഫിസിൽനിന്നും അറിയിച്ചു.
ഈ രീതിയിൽ സംസ്ഥാനത്ത് 3000നു മുകളിൽ കെട്ടിടങ്ങൾ സെസ് ജപ്തി ഭീഷണിയിലാണ്. പ്രതിദിനം അഞ്ച്-10 ലക്ഷം രൂപയാണ് ഒരു ലേബർ ഓഫിസ് പരിധിയിൽനിന്നും സെസ് പിരിക്കുന്നത്. നാലുലക്ഷം പെൻഷൻകാർക്ക് ഒരുമാസം 1600 രൂപവീതം പെൻഷൻ നൽകണമെങ്കിൽ 70 കോടിയോളം രൂപ വേണം. ഇത് നിലച്ച് ഒരു വർഷം പിന്നിടുകയാണ്. മറ്റ് ആനുകൂല്യങ്ങൾ നിലച്ച് രണ്ട് വർഷമായി.
മുഴുവൻ കുടിശ്ശികയും തീർക്കാൻ 700 കോടിയോളം രൂപ വേണ്ടിവരും. അതിനു പുറമെ, മുടങ്ങിയ വിദ്യാഭ്യാസ, ചികിത്സ, വിവാഹ ആനുകൂല്യങ്ങളും. ഇടതുപക്ഷ സർക്കാറിന്റെ ബഹുജനാടിത്തറയാണ് നിർമാണ തൊഴിലാളികൾ. പെൻഷൻ നൽകാൻ ഭരണപക്ഷത്തെ എ.ഐ.ടി.യു.സി സംഘടന കാസർകോടുനിന്ന് യാത്രയും സെക്രട്ടേറിയറ്റ് വളയലും സംഘടിപ്പിച്ചിരുന്നു. 20 ലക്ഷം പേരാണ് നിർമാണ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തത്.
ഒമ്പത് ലക്ഷം പേരാണ് കൃത്യമായി പുതുക്കുന്നത്. ഇപ്പോൾ പെൻഷൻകാർ നാല് ലക്ഷം. 60 പിന്നിട്ട് പെൻഷൻ മുടങ്ങിയവർ നാല് ലക്ഷം. ഇവരുടെ കാര്യം പരിഗണിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ആഞ്ഞുപിടിച്ച് സെസ് പിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.