വീടുകളില്‍ ആശയവിനിമയം കുറയുന്നത് കുട്ടികളെ അരക്ഷിതരാക്കുന്നു:വനിതാ കമീഷന്‍
text_fieldsകൊച്ചി: വീടുകളില്‍ ആശയവിനിമയം ഇല്ലാതാകുന്നതു കുടുംബ ബന്ധങ്ങളെ പ്രത്യേകിച്ചും കുട്ടികളുടെ ഭാവിയെ വളരെ ദോഷകരമായി ബാധിക്കുന്നതായി സംസ്ഥാന വനിതാ കമീഷന്‍. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ രക്ഷിതാക്കള്‍ക്കോ അവരുടെ വിഷയങ്ങള്‍ മനസിലാക്കാന്‍ കുട്ടികള്‍ക്കോ കഴിയുന്നില്ലെന്നു അധ്യക്ഷ അഡ്വ. പി. സതീദേവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
മൊബൈല്‍ ഫോണുകളില്‍ കുട്ടികളും മാതാപിതാക്കളും കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലം പരസ്പരം മനസുതുറന്നു സംസാരിക്കാന്‍ പോലും കഴിയുന്നില്ല. നമ്മുടെ വീടുകള്‍ പഴയപോലെ ജനാധിപത്യപരമാകേണ്ടിയിരിക്കുന്നു. വീടുകള്‍ക്കുള്ളില്‍ ആരോഗ്യകരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കുടുംബാംഗങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.
ഈ പോരായ്മയുടെ തെളിവാണ് വാളയാര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സമീപകാലത്തു കുട്ടികള്‍ നേരിടേണ്ടിവന്ന വിഷയങ്ങള്‍. കുട്ടികള്‍ക്കു ചെറുപ്രായത്തില്‍തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കണം. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ചും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കുട്ടിക്കു ബോധ്യമുണ്ടാകണം. വീടിനുള്ളില്‍ കുട്ടി സുരക്ഷിതമായിരിക്കുന്ന സ്ഥിതിയാണു ഉണ്ടാവേണ്ടതെന്നു കമീഷന്‍ അധ്യക്ഷ പറഞ്ഞു.
പുരുഷ മേധാവിത്വത്തെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതയെ കമ്മീഷന്‍ വിമര്‍ശിച്ചു. ഇരയാക്കപ്പെടുന്നതു തങ്ങളുടെ ഒരു സഹജീവിയാണെന്നുള്ള പരിഗണന പോലും കല്‍പ്പിക്കാതെയാണ് അടുത്തിടെ ഒരു സിനിമാതാരത്തിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ ചില സ്ത്രീകള്‍ നടത്തിയ അഭിപ്രായങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ എന്തും മോശമായി പറയാവുന്ന സ്ഥിതിയാണുള്ളത്.
സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അതീജീവതയുടെ പേരുപോലും പുറത്തു പറയരുതെന്ന വ്യവസ്ഥയ്ക്കു പകരം താനാണു പരാതിക്കാരി എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ രംഗത്തുവരുക എന്നത് സ്ത്രീകള്‍ ശക്തമായ നിലപാടു സ്വീകരിച്ചുവരുന്നു എന്നതിന്റെ തെളിവുകൂടിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ രാജ്യത്തു സുശക്തമായ നിയമങ്ങളുണ്ട്. അവ യഥാവിധി ഇതുവരെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ കേരളത്തില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങളെ നേരിട്ട രീതി പ്രതീക്ഷയ്ക്കു വകനല്‍കുന്നു. കേരളം ഇക്കാര്യത്തില്‍ വളരെ ശക്തമായ നിലപാടു സ്വീകരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് അഡ്വ സതീദേവി പറഞ്ഞു.
എറണാകുളം ജില്ലാ അദാലത്തില്‍ 117 പരാതികള്‍ ലഭിച്ചു. ഇതില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. 14 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു പരാതികലകമ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായം തേടിയിട്ടുണ്ടെന്നും ഒരു പരാതി പുതുതായി നേരിട്ടു ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. അദാലത്തിലും വാര്‍ത്താ സമ്മേളനത്തിലും കമീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, വി. ആര്‍ മഹിളാമണി, ഷാജി സുഗുണന്‍ എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.