'മുസ്ലിം ലീഗിന് നേതൃത്വം ഇല്ലാത്ത അവസ്ഥ'; കുഞ്ഞാലിക്കുട്ടിക്ക് മറുപടിയുമായി വിജയരാഘവൻ
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിനകത്തെ പ്രശ്നങ്ങൾക്ക് കാരണക്കാർ സി.പി.എം ആണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാദം വിചിത്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ചന്ദ്രികയിെല പ്രശ്നങ്ങൾക്ക് എങ്ങനെയാണ് സി.പി.എമ്മുമായി ബന്ധമുണ്ടാവുക.
അധികാരം കിട്ടുേമ്പാഴെല്ലാം ഭംഗിയായിട്ട് അഴിമതി നടത്തി പണം കണ്ടെത്തുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പാലാരിവട്ടമടക്കമുള്ള കേസുകൾ അതിന് ഉദാഹരണമാണ്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈനലി തങ്ങളെ ഇറക്കിവിടുന്ന രംഗം എല്ലാവരും കണ്ടതാണ്. ഇത് മുസ്ലിം ലീഗിനകത്തെ പ്രശ്നം മാത്രമാണ്. അല്ലാതെ സി.പി.എമ്മിന് ഇതിൽ എന്താണ് റോൾ.
മുസ്ലിം ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയുണ്ട്. ഇതോടൊപ്പം വലിയ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്ക് അകത്തുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നേതൃത്വമില്ലായ്മ ഇവിടെ ദൃശ്യമാണ്. അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയമാണ് ലീഗിലെ പ്രതിസന്ധിക്ക് കാരണം.
പാർട്ടിയിലെ പ്രശ്നങ്ങൾ രൂക്ഷമാകാൻ പോവുകയാണ്. വസ്തുത ഇതായിരിക്കെ സി.പി.എമ്മിനും സർക്കാറിനും നേരെ ആക്ഷേപം ഉന്നയിച്ച് തടിതപ്പാൻ എങ്ങനെയാണ് ലീഗിന് കഴിയുക. എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികളായാണ് ലീഗ് ഇതിനെ പ്രചരിപ്പിക്കുന്നത്. വിചിത്ര വാദമാണിത്. അവർ പറയുന്ന നയങ്ങൾ അവർക്ക് തന്നെ വിശദീകരിക്കാനാവുന്നില്ല.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് എൽ.ഡി.എഫ് സർക്കാറിന്‍റെ പ്രവർത്തനം. ലീഗിന് സർക്കാറിനോടുള്ള വിരോധം അധികാരം കിട്ടാത്തതിലെ നിരാശയാണ്. അധികാരമില്ലാത്ത ലീഗിൽ തർക്കം പതിവാണ്. കോൺഗ്രസ് ഇപ്പോൾ നിശ്ശബ്ദമായി നിൽക്കുകയാണ്. ഭാവിയിൽ കോൺഗ്രസിന് അകത്തും തർക്കമുണ്ടാകും. യു.ഡി.എഫ് രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. അതിന്‍റെ തുടക്കമാണ് ലീഗിൽ ഇപ്പോൾ കാണുന്നത്.
സി.പി.എമ്മും സർക്കാറും സംസ്ഥാനത്തിന്റെ ഉത്തമവികസനത്തിന് വേണ്ടിയാകും പ്രവർത്തിക്കുക. എല്ലാവിധ ജനപിന്തുണയോടെയും അത് മുന്നോട്ടുകൊണ്ടുപോകും. സി.പി.എമ്മിനെതിരെ ലീഗ് ഉന്നയിച്ച ആരോപണങ്ങൾ ജനം പുച്ഛിച്ച് തള്ളുമെന്നും വിജയാഘവൻ പറഞ്ഞു.
മുസ്ലിം ലീഗിനെതിരെ ഉയരുന്ന വിവാദങ്ങൾ സി.പി.എം സൃഷ്ടിയാണെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം ആരോപിച്ചത്. സർക്കാറിന്‍റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ച് വിടാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.