മൺസൂണിൽ 13 ശതമാനം മഴക്കുറവ്
text_fieldsതൃശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് കേരളം സാക്ഷ്യംവഹിച്ച മൺസൂൺകാലം പിന്നിടുമ്പോൾ മഴയുടെ അളവിൽ ഇക്കുറി രേഖപ്പെടുത്തിയത് 13 ശതമാനം കുറവ്. 2018.6 മില്ലിമീറ്റർ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 1748.1 മില്ലിമീറ്റർ മഴയാണ്. എങ്കിലും മുൻവർഷത്തേക്കാൾ മികച്ച മഴ ഇക്കുറി ലഭിച്ചു. വയനാട്ടിലും ഇടുക്കിയിലുമാണ് പ്രതീക്ഷിച്ചതിലും കുറവ് മഴ ലഭിച്ചത്. യഥാക്രമം 30, 33 ശതമാനം കുറവാണ് ഈ ജില്ലകളിലുണ്ടായത്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കണ്ണൂർ ജില്ലയിലാണ് ശരാശരിയേക്കാൾ ഏറ്റവും കൂടുതൽ ലഭിച്ചത്. 15 ശതമാനം അധികമഴയാണ് അവിടെ ലഭിച്ചത്- 3023.6 എം.എം മഴയാണ് പെയ്തത്. തിരുവനന്തപുരത്ത് 866.3 എം.എം മഴയാണ് പെയ്തതെങ്കിലും ഇത് ശരാശരിയേക്കാൾ മൂന്നു ശതമാനം കൂടുതലാണ്. രാജ്യത്ത് മൺസൂൺ മഴയിൽ ശരാശരിയേക്കാൾ 7.6 ശതമാനം വർധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്.
ജൂണിൽ സംസ്ഥാനത്ത് ശരാശരിയിലും 25 ശതമാനം മഴയുടെ കുറവാണ് പൊതുവിൽ ഉണ്ടായത്. എന്നാൽ, അവസാനദിനങ്ങളിൽ കനത്ത മഴ പെയ്ത ജൂലൈയിൽ 16.4 ശതമാനം വർധന രേഖപ്പെടുത്തി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും മഴ കുറവായിരുന്നു.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ വരെയാണ് തുലാവർഷക്കാലം. കാലവർഷത്തിന്റെ തുടർച്ചയായി ഇപ്പോഴും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. തുലാവർഷ മഴ ആരംഭിക്കാൻ ഏതാനും ദിവസംകൂടി കഴിയുമെന്നാണ് വിലയിരുത്തൽ. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ ഉച്ചക്കുശേഷം പെയ്യുന്ന തുലാവർഷം ഒക്ടോബറിൽ ശക്തമാകില്ലെന്നാണ് സൂചന. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊള്ളുന്ന ന്യൂനമർദവും ചക്രവാതച്ചുഴിയുമെല്ലാം നിർണായകമാണ്. എങ്കിലും ശരാശരിയേക്കാൾ മഴ ലഭിക്കുമെന്ന കണക്കുകൂട്ടലാണുള്ളത്. മഴയുടെ അളവിനേക്കാളുപരി കാലംതെറ്റിയുള്ള പെയ്ത്ത് കാർഷിക മേഖലക്ക് ചെറിയ തിരിച്ചടിയല്ല ഉണ്ടാക്കുന്നതെന്ന് കാലാവസ്ഥ ശാസ്ത്ര ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ വർഷം മൺസൂണിൽ ശരാശരിയേക്കാൾ 34 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ വേനൽമഴ ലഭിച്ചില്ല. മെയ് മാസത്തിൽ മഴ കിട്ടിയതാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തെ കടുത്ത വരൾച്ചയിൽനിന്ന് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.