മഴക്കുറവ്: മലമ്പുഴ ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു
text_fieldsപാലക്കാട്: മഴക്കുറവ് കാരണം കാർഷിക മേഖല ഉണക്കുഭീഷണി നേരിടുന്നതിനിടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു. ആകാശം മേഘാവൃതമാണെങ്കിലും മഴ മാറിനിൽക്കുകയാണ്. നിലവിൽ 28 ശതമാനം വെള്ളമേ ഡാമിലുള്ളൂ. 105.98 മീറ്ററാണ് ഞായറാഴ്ച ജലനിരപ്പ്. പൊതുവെ നല്ല മഴ ലഭിക്കുന്ന വർഷങ്ങളിൽ ജലനിരപ്പ് പരമാവധിയിലെത്തുന്ന സമയമാണിത്.
വെള്ളം കൃഷി ആവശ്യത്തിന് കനാലുകളിലേക്ക് തുറന്നുവിട്ടതിനാൽ ഓരോ ദിവസവും ജലനിരപ്പ് താഴുകയാണ്. രണ്ടു ദിവസമായി ജില്ലയിൽ പലയിടത്തും ചെറിയ മഴ ലഭിക്കുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്ല. ഇതിനാൽ അണക്കെട്ടിൽ ജലം ഒഴുകിയെത്തുന്നില്ല.
വേനലിന് സമാനമായ അവസ്ഥയിലാണ് ഡാം പ്രദേശം. ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളമില്ലാത്തതിനാൽ കാലികൾ മേഞ്ഞുനടക്കുകയാണ്. സാധാരണ റിസർവോയർ പൂർണമായി നിറഞ്ഞുനിൽക്കുന്ന സമയമാണിത്. ഒന്നാംവിളക്കുള്ള വെള്ളമാണ് ഇപ്പോൾ കനാലുകളിലേക്ക് തുറന്നുവിടുന്നത്.
ഒരാഴ്ച മുമ്പാണ് ഷട്ടറുകൾ തുറന്നത്. ഇനി രണ്ടു ദിവസം കൂടി ജലവിതരണം ഉണ്ടാകും. ഇങ്ങനെ പോയാൽ രണ്ടാം വിളക്ക് വെള്ളം നൽകാൻ കഴിയില്ല.
കരുതലോടെ പോയില്ലെങ്കിൽ പാലക്കാട് നഗരത്തിലേക്ക് അടക്കമുള്ള കുടിവെള്ള വിതരണത്തെയും ബാധിക്കും. സെപ്റ്റംബറിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തുലാമഴ സജീവമായി ജലനിരപ്പ് ഉയർന്നില്ലെങ്കിൽ ഇക്കുറി ജില്ലയിലെ നെൽകൃഷി താളംതെറ്റും. ജില്ലയിലെ മറ്റു ഡാമുകളിലും ജലനിരപ്പ് താഴുകയാണ്. മംഗലംഡാമിൽ 69 ശതമാനവും പോത്തുണ്ടിയിൽ 37 ശതമാനവും വെള്ളമേയുള്ളു.
ഉണങ്ങിക്കരിഞ്ഞ് വയലുകൾ
മാത്തൂർ: മാനം കറുത്താൽ കർഷക മനം തെളിയും. മാനം വെളുത്താൽ കറുത്ത് കർഷക മനസ്സ്.
മാത്തൂർ മേഖലയിലെ കർഷകരാണ് ഒന്നാം വിള നെൽകൃഷിയുടെ കാര്യത്തിൽ മനസ്സ് മടുത്ത് കഴിയുന്നത്. കാലവർഷം കനിയാത്തതിനാൽ നെൽകൃഷി ഉണങ്ങിക്കരിഞ്ഞതാണ് കാരണം. ഇനിയും മഴ കനിഞ്ഞില്ലെങ്കിൽ എല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.