മഴ കുറവ്: ചതിച്ചത് പടിഞ്ഞാറൻ കാറ്റ്
text_fieldsആലപ്പുഴ: മഴ കോരിച്ചൊരിയേണ്ട കർക്കടക മാസത്തിൽ കൊടുംവെയിൽ കത്തിയാളാൻ ഇടയാക്കുന്നത് പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാലെന്ന് കാലാവസ്ഥാ വിദഗ്ധർ. എൽനിനോ, സൂര്യന്റെ മാക്സിമാ എന്നീ പ്രതിഭാസങ്ങളാണ് തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുർബലമാക്കുന്നതെന്നും അവർ പറയുന്നു. കേരളത്തിൽ ഇനി പരക്കെ മഴക്ക് സാധ്യത സെപ്റ്റംബർ മധ്യത്തോടെ മാത്രമാണ്. അതിനിടെ ഒറ്റപ്പെട്ട മഴ ചിലയിടങ്ങളിൽ ഉണ്ടായേക്കാം. സെപ്റ്റംബർ പകുതി മുതൽ മഴ ലഭിച്ചാലും ഇപ്പോൾ അനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടില്ല. പ്രതീക്ഷിച്ചതിന്റെ 56 ശതമാനം മഴ മാത്രമാണ് പെയ്തത്. കുറവ് നികരണമെങ്കിൽ സെപ്റ്റംബറിൽ അതിതീവ്ര മഴ ഉണ്ടാകണം. അതിനുള്ള സാധ്യത വിരളമാണ്. ഒക്ടോബറിൽ തുലാവർഷം ശക്തമായെങ്കിൽ മാത്രമെ ഇപ്പോഴനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടൂ. ആഗസ്റ്റിലെ മഴയാണ് സമീപ വർഷങ്ങളിൽ സംസ്ഥാനത്തെ മഴ സമൃദ്ധമാക്കിയിരുന്നത്. ഉത്തരേന്ത്യക്കൊപ്പം തമിഴ്നാട് ഭാഗത്തും മഴ പെയ്യുന്നുണ്ട്. അവിടെ തണുത്തതിനാലാണ് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ശക്തി കുറഞ്ഞത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങൾ ലോകത്ത് പൊതുവേ ചൂട് കൂടിയ സമയമാണ്. മൺസൂൺ ശക്തമായ സമയങ്ങളിൽ ആകാശം മഴമേഘങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ നാം അത് അറിയാറില്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര പഠനവിഭാഗം അധ്യാപകൻ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഇത്തവണ സ്ഥിതിമാറി.
പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കാറ്റ് ശക്തമായെങ്കിൽ മാത്രമെ കേരളത്തിൽ കാലവർഷം നന്നായി പെയ്യുകയുള്ളൂ. കാറ്റിന്റെ ഗതി അനുസരിച്ചാണ് ന്യൂനമർദം രൂപം കൊള്ളുന്നത്. തുലാവർഷം കനിയുന്നില്ലെങ്കിൽ കേരളം കടുത്ത വരൾച്ച നേരിടുന്ന സ്ഥിതി സംജാതമാകുമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. സൂര്യന്റെ ഒൗട്ട്പുട്ടിൽ വ്യത്യാസം വന്നിട്ടുണ്ടെന്ന് പ്രമുഖ കാലാവസ്ഥ വിദഗ്ധൻ രാജഗോപാൽ എസ്. കമ്മത്ത് പറഞ്ഞു. 11 വർഷം കൂടുമ്പോൾ സൂര്യന് ചാക്രിക മാറ്റം സംഭവിക്കും. സോളാർ മാക്സിമയും മിനിമയും. ഇപ്പോൾ മാക്സിമയിലേക്ക് സൂര്യൻ പൊയ്കൊണ്ടിരിക്കുകയാണ്. സോളാർ മിനിമ ഉണ്ടായിരുന്ന സമയത്താണ് കേരളത്തിൽ കനത്ത മഴയും പ്രളയവുമെല്ലാം ഉണ്ടായത്.
പെറുവിന്റെ തീരത്ത് െപസഫിക് സമുദ്രത്തിൽ താപനില കൂടുന്ന എൽനിനോ പ്രതിഭാസം ഉണ്ടായാൽ നമുക്ക് മഴ കുറയും. െപസഫിക് സമുദ്രത്തിൽ ഇന്തോനേഷ്യൻ തീരത്ത് അത്തരം പ്രതിഭാസമുണ്ടായാലാണ് കേരളത്തിൽ മഴ ശക്തമാകുക.
ഇപ്പോൾ ഇന്തോനേഷ്യൻ തീരത്ത് താപനില കുറഞ്ഞതാണ് പടിഞ്ഞാറൻ കാറ്റിനെ ദുർബലമാക്കുന്നത്. സോളാർ മാക്സിമ പ്രതിഭാസം 2026വരെ നീളുമെന്നും രാജഗോപാൽ എസ്. കമ്മത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.