ഫണ്ട് വിനിയോഗത്തിൽ സുതാര്യതയില്ല; മുസ്ലിം ലീഗിൽ സാമ്പത്തിക ആരോപണവും
text_fieldsകോഴിക്കോട്: മുസ്ലിംലീഗ് ഭാരവാഹി, നിയമസഭ പാർട്ടി യോഗത്തിൽ പാർട്ടി സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്ന് വിമർശനം. ശനിയാഴ്ച രാവിലെ തുടങ്ങി രാത്രിവരെ നീണ്ട യോഗത്തിലാണ് സംഘടനയുടെ ചരിത്രത്തിലില്ലാത്തവിധം മുതിർന്ന നേതാക്കൾക്കെതിരെ ആരോപണം ഉയർന്നത്.
പാലാരിവട്ടം പാലത്തിെൻറ കാര്യത്തിൽ മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരെ ഉണ്ടായ ആരോപണം പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും പാർട്ടി പത്രത്തിെൻറ മാനേജിങ് ഡയറക്ടറായ പാണക്കാട് ഹൈദരലി തങ്ങളെപ്പോലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അന്വേഷണഭീഷണിയിൽ നിർത്തിയെന്നും മുതിർന്ന നേതാവായ കെ.എസ്. ഹംസ തുറന്നടിച്ചു. ഒരുഘട്ടത്തിൽ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയിലും മുതിർന്ന ഭാരവാഹികളുടെ വിമർശനമുണ്ടായി. പാർട്ടിയിൽ ലോബിയിങ് പ്രവർത്തനം നടത്തുന്നതായ വിമർശനമുന്നയിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും നേതാക്കൾ പ്രതിക്കൂട്ടിലേറ്റി.
പാർട്ടി പത്രമായ ചന്ദ്രികക്ക് കോഴിക്കോട്ട് അഞ്ച് ഏക്കർ വാങ്ങിയത് കുഞ്ഞാലിക്കുട്ടിയുടെ മകെൻറ കൂടി പേരിലാണെന്നായിരുന്നു ഒരു മുതിർന്ന നേതാവിെൻറ ആരോപണം. ഇതിൽ ഏതാണ് പത്രത്തിെൻറ പണം, ഏതാണ് മകെൻറ പണമെന്ന് പാർട്ടി പ്രവർത്തകർ സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും നേതാവ് പറഞ്ഞു. വിഷയത്തിൽ വികാരാധീനനായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി അഞ്ച് ഏക്കർ ഒന്നിച്ച് വിൽക്കാൻ വെച്ചപ്പോൾ ചന്ദ്രികക്ക് മൊത്തം സ്ഥലം ആവശ്യമില്ലാത്തതിനാലാണ് മകൻ കൂടി അതിൽ പങ്കാളിയായതെന്നും മൊത്തം സ്ഥലം പത്രത്തിന് ആവശ്യമാണെങ്കിൽ നൽകാൻ തയാറാണെന്നും മറുപടി നൽകി.
പാർട്ടി ഫണ്ട് ഒന്നോ രണ്ടോ പേർ മാത്രം കൈകാര്യം ചെയ്യുന്ന അവസ്ഥ മാറി സുതാര്യതയുണ്ടാകണമെന്നും ചിലർ ആവശ്യപ്പെട്ടു. എന്നാൽ, പാർട്ടിയുടെ കണക്കുകൾ കൗൺസിൽ യോഗങ്ങളിൽ കൃത്യമായി അവതരിപ്പിക്കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നൽകി.
മുതിർന്ന നേതാക്കളായ കെ.എസ്. ഹംസ, എം.സി. മായിൻ ഹാജി, കെ.എം. ഷാജി, പി.എം. സാദിഖലി എന്നിവരാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ വിമർശനമുന്നയിച്ചത്. കുഞ്ഞാലിക്കുട്ടി എന്തിന് ലോക്സഭയിൽ പോയി, എന്തിന് തിരിച്ചുവന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ കഴിയാത്ത അവസ്ഥയിൽ നിയമസഭ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടിവന്നത് പാർട്ടിയുടെ അന്തസ്സിനേറ്റ കളങ്കമായി. ചില സ്ഥാനാർഥികളുടേത് പേമെൻറ് സീറ്റുകളാണെന്ന ആരോപണവുമുണ്ടായി. സമുദായത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളിൽ സി.പി.എമ്മുമായി അനുരഞ്ജനത്തിെൻറ പാത സ്വീകരിക്കുന്നതായും വിമർശനമുണ്ടായി.
കോവിഡ് പ്രോട്ടോകോളിൽ മതാചാരങ്ങളും ചടങ്ങുകളും നിരോധിച്ചിട്ടും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്താനും പ്രതിഷേധിക്കാനും ലീഗ് എം.എൽ.എമാർക്കായില്ല. സംവരണ വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിലും അഴകൊഴമ്പൻ നയമാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തലുണ്ടായി. വിമർശനങ്ങൾ എല്ലാവരും കേട്ടിരുന്നതല്ലാതെ പ്രതിരോധിക്കാൻ ആരുമുണ്ടായില്ല. അവസാനം, വിമർശകരെയും ഉൾപ്പെടുത്തിയുള്ള കമ്മിറ്റി രൂപവത്കരിക്കുകയും എല്ലാ വിഷയങ്ങളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്താണ് യോഗം പിരിഞ്ഞത്. പ്രവർത്തകസമിതി ചേരുന്ന തീയതി പിന്നീട് നിശ്ചയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.