യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsപറവൂർ: സുഹൃത്തായ യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് (48) എന്നിവരാണ് അറസ്റ്റിലായത്. ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുകൾ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. റെയ്ഡിൽ മൊബൈൽ ഫോണടക്കം പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.
ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിെൻറ അടുത്ത ബന്ധുവാണ് ഫയാസ്. യുവതിയെ മാഞ്ഞാലിയിൽ താമസിപ്പിക്കാൻ സഹായം നൽകിയത് സിയാദാണ്. മുഹമ്മദ് റിയാസ് ഇപ്പോൾ വിദേശത്താണ്. ഹിന്ദുമതത്തിൽനിന്ന് നിർബന്ധിച്ച് മതം മാറ്റിയശേഷം വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി. ശേഷം സിറിയയിലേക്ക് കടത്താൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഐ.എസ് സംഘത്തിലേക്ക് കടത്താനുള്ള ശ്രമമുണ്ടായതായും പരാതിയിൽ ആരോപണമുണ്ട്.
സിറിയയിലേക്ക് കടത്താൻ ശ്രമിക്കുന്നതായി അറിഞ്ഞ യുവതി പിതാവിനെ വിവരം അറിയിച്ചു. തുടർന്ന് സൗദിയിലുള്ള സുഹൃത്ത് മുഖേനയാണ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതെന്ന് ഹരജിയിൽ പറയുന്നു. ഹൈകോടതി നിർദേശപ്രകാരം യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. കണ്ണൂർ സ്വദേശികളായ നാലുപേരും ബംഗളൂരുവിലുള്ള ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും സംഭവത്തിന് പിന്നിലുള്ളതായും യുവതി ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
2014ൽ ബംഗളൂരുവിൽ പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനെ യുവതി പരിചയപ്പെടുന്നത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് രഹസ്യമായി ചിത്രീകരിച്ചു. ഇതുകാട്ടി ഭീഷണിപ്പെടുത്തിയാണ് മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. പിന്നീട് മാതാപിതാക്കൾ യുവതിയെ ഗുജറാത്തിലേക്ക് കൊണ്ടുപോയി. മുഹമ്മദ് റിയാസ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയതിനെത്തുടർന്ന് ഹൈകോടതിയിലെത്തിയ യുവതി മുഹമ്മദ് റിയാസിനോടൊപ്പം പോകണമെന്ന് അറിയിച്ചു. തുടർന്ന് ഇവർ ബന്ധുവായ ഫയാസിെൻറ പറവൂരിലെ വീട്ടിലും പിന്നീട് മാഞ്ഞാലിയിലെ വാടകവീട്ടിലുമായി കുറച്ചുനാൾ താമസിച്ചു. തുടർന്നാണ് ഇരുവരും സന്ദർശനവിസയിൽ സൗദിയിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.