നരബലി പുറത്തറിയാതിരിക്കാൻ ഭഗവലിനെ പിന്തുടർന്ന് ലൈല
text_fieldsപത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിൽ രണ്ടാം പ്രതിയായ വൈദ്യന് ഭഗവല്‍സിങ് ചോദ്യം ചെയ്യലിൽ കാര്യങ്ങള്‍ തുറന്നു പറയുന്നെന്ന പ്രതീക്ഷയിൽ പൊലീസ്. യഥാര്‍ഥ സംഭവം അറിയാന്‍ പൊലീസിന് മുന്നിലുള്ള ഏക മാര്‍ഗവും ഇയാളാണ്. ആദ്യത്തെ കൊലപാതകം കഴിഞ്ഞപ്പോള്‍ മുതല്‍ പശ്ചാത്താപ വിവശനായിരുന്ന വൈദ്യന് രണ്ടാമത്തേത് കഴിഞ്ഞതോടെ കൂടുതല്‍ ഉള്‍വലിഞ്ഞതായാണ് വിവരം. അപകടം മണത്ത ഷാഫിയും ലൈലയും ചേര്‍ന്ന് ഇയാളെ വകവരുത്താന്‍ പദ്ധതിയിട്ടത് രഹസ്യം ചോരുമെന്ന ആശങ്കയിലാണെന്നാണ് നിഗമനം. അതിനാൽ ഭഗവൽ പോകുന്നിടത്തെല്ലാം ലൈലയും ഒപ്പം കൂടിയിരുന്നു. സിങ്ങിനെ ഇല്ലാതാക്കാനുള്ള തന്ത്രം മെനയുന്നതിനിടെയാണ് ഷാഫിയും ലൈലയും പൊലീസ് പിടിയിലാകുന്നത്.
രണ്ടാമത്തെ കൊല നടന്നതിന്റെ പിറ്റേന്ന്, തന്നെ ചികിത്സിക്കാൻ വന്ന ഭഗവലിന്റെ നിഴൽപോലെ ലൈലയുണ്ടായിരുന്നെന്ന് മലയാലപ്പുഴ സ്വദേശി ഷേന് വെളിപ്പെടുത്തിയിട്ടുണ്ട്. സി.പി.എം പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്ന ഭഗവലിന്റെ ഒപ്പം ലൈലയും ഉണ്ടായിരുന്നു. കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച റാലിയില്‍ ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്. സി.പി.എമ്മിന്റെ ഫണ്ട് പിരിവിനും വൈദ്യനെ ലൈല അനുഗമിച്ചിരുന്നു. എന്നാൽ, പെരുമാറ്റത്തില്‍ വലിയ മാറ്റമൊന്നും പ്രകടിപ്പിച്ചിരുന്നില്ല.
കൊച്ചി സിറ്റി പൊലീസ് തിങ്കളാഴ്ച രാവിലെ മഫ്തിയിൽ എത്തി ചോദ്യം ചെയ്തപ്പോൾ സിങ്ങിന് ഭാവമാറ്റമില്ലായിരുന്നെന്നും ലൈല പരിഭ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൊബൈല്‍ ഫോണില്‍ രണ്ടു സ്ത്രീകളുടെയും ചിത്രങ്ങള്‍ ആദ്യം കാണിച്ചത് വൈദ്യനെയാണ്. സ്ത്രീകളുടെ മൊബൈല്‍ ലൊക്കേഷന്‍ ഏറ്റവും അവസാനം കണ്ടത് വൈദ്യന്റെ വീട്ടിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഇവര്‍ ഇവിടെ ചികിത്സ തേടി വന്നിട്ടില്ലെന്നായിരുന്നു വൈദ്യന്റെ മറുപടി.
പിന്നീടാണ് ലൈലയെ ചിത്രങ്ങള്‍ കാണിച്ചത്. പെട്ടെന്ന് ഞെട്ടിയ ഇവരുടെ മുഖഭാവം പൊലീസ് ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പിന്നീട് നാലുമണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് ഇവർ നാടിനെ ഞെട്ടിച്ച നിഷ്ഠുര കൃത്യം തുറന്നുപറഞ്ഞത്. തുടർന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനിടെ, ലൈലയും ഷാഫിയും അന്വേഷണം വഴിതെറ്റിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് നരഭോജനം എന്നൊരു കഥ പുറത്തുവന്നതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.