ലേക് പാലസ്: കലക്ടറുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന് റിസോർട്ട് അധികൃതർ
text_fieldsകൊച്ചി: മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന് ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ട് അധികൃതർ ഹൈകോടതിയിൽ ആവശ്യപ്പെട്ടു.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന് വിരുദ്ധമാണ് ഇതെന്നതിനാൽ കലക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിെല റിസോർട്ടിനുവേണ്ടി മാനേജിങ് ഡയറക്ടർ മാത്യു ജോസഫ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കായൽ ഭൂമി കൈയേറ്റത്തിനെതിരെ കരിവേലി പാടശേഖരസമിതി നൽകിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്.
ഹൈകോടതിയുടെ നിർദേശപ്രകാരം 2014ൽ ആലപ്പുഴ കലക്ടർ നടത്തിയ അന്വേഷണത്തിൽ കായൽ കൈയേറിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. ഇതിലെ തുടർ നടപടി കോടതിയിൽ നിലനിൽക്കുന്നതിനിടെ റിസോർട്ട് ഉടമസ്ഥരായ വാട്ടർ വേൾഡ് കമ്പനിയുടെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടറായ തോമസ് ചാണ്ടി കഴിഞ്ഞ ഏപ്രിലിൽ മന്ത്രിയായി.
ഇതോടെ മാധ്യമങ്ങളും ചില നിക്ഷിപ്ത താൽപര്യക്കാരും രംഗത്തുവരുകയായിരുന്നു. തുടർന്ന് വീണ്ടും അന്വേഷണത്തിന് സാഹചര്യം ഒരുങ്ങി. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയം ഹൈകോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കലക്ടർ റിപ്പോർട്ട് നൽകിയത്. റിസോർട്ട് അധികൃതരെ കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.