ലഖിംപൂർ ഖേരി: വാഹനമിടിപ്പിച്ച് ഡമ്മി പരീക്ഷണം; മന്ത്രിപുത്രന്റെ സുഹൃത്തിനെതിരെ തെളിവ് ലഭിച്ചതായി അന്വേഷണ സംഘം
text_fieldsലഖ്നോ: ലഖിംപൂർ ഖേരിയൽ കർഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ഉറ്റസുഹൃത്ത് അങ്കിത് ദാസ് കാറിലുണ്ടായിരുന്നതിന് തെളിവ് ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). സംഭവസമയത്ത് ഇയാൾ കാറുകളിലൊന്നിലുണ്ടായിരുന്നുവെന്നും പിന്നീട് ഓടിപ്പോയെന്നും അന്വേഷണസംഘം പറഞ്ഞു. അതേസമയം, ആശിഷ് മിശ്രയുടെ പങ്കാളിത്തത്തെ കുറിച്ച് വെളിപ്പെടുത്താൻ സംഘം വിസമ്മതിച്ചു.
നാലു കർഷകർക്ക് പുറമെ, രണ്ടു ബി.ജെ.പി പ്രവർത്തകരും വാഹനത്തിെൻറ ഡ്രൈവറും മാധ്യമപ്രവർത്തകനും അടക്കം എട്ടുപേരായിരുന്നു സംഭവസ്ഥലത്ത് െകാല്ലപ്പെട്ടത്. പ്രതികളായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര, അങ്കിത്, വാഹനവ്യൂഹത്തിലെ അംഗങ്ങളായ ശേഖർ ഭാരതി, ലത്തീഫ് എന്നിവരെ എസ്.ഐ.ടി വ്യാഴാഴ്ച ലഖിംപൂർ ഖേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വാഹനമിടിച്ച് കൊല പുനരാവിഷ്കരിച്ച് പൊലീസ്; ആശിഷ് മിശ്രയെയും കൂട്ടുപ്രതികളെയും സ്ഥലത്തെത്തിച്ചു
ലഖ്നോ: ലഖിംപുർ ഖേരിയിൽ കർഷക റാലിയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം ഉത്തർപ്രദേശ് പൊലീസ് വ്യാഴാഴ്ച പുനരാവിഷ്കരിച്ചു. തെളിവെടുപ്പിന്‍റെ ഭാഗമായിട്ടാണ് കേസിൽ പ്രതിചേർക്കപ്പെട്ട കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെയും കൂട്ടുപ്രതികളെയും സ്ഥലത്തെത്തിച്ച് നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ട സംഭവം പൊലീസ് പുനരാവിഷ്കരിച്ചത്. പൊലീസ് വാഹനവും കർഷകരുടെ ഡമ്മികളും ഉപയോഗിച്ചായിരുന്നു ഇത്. ആശിഷിനെയും സുഹൃത്ത് അങ്കിത് ദാസിനെയും ഇതിനായി പൊലീസ് സംഭവസ്ഥലത്തെത്തിച്ചു. അതിവേഗത്തിലെത്തുന്ന പൊലീസ് ജീപ്പ് ഡമ്മികളിലേക്ക് ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
സംഭവം നടന്ന സ്ഥലം പൊലീസ് ടേപ്പ് ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. ഇപ്പോൾ അവിടേക്ക് ആരെയും കയറ്റിവിടുന്നില്ല. എന്നാൽ, സംഭവം നടന്നയുടൻ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ എല്ലാവരെയും അവിടേക്ക് കയറാൻ അനുവദിച്ച് പൊലീസ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞയാഴ്ചയാണ് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആറിൽ പേര് ഉണ്ടായിട്ടും ഏഴ് ദിവസത്തോളം സ്വതന്ത്രനായി നടന്ന ആശിഷിനെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് പിടികൂടിയത്. ആശിഷിന്‍റെ അറസ്റ്റ് വൈകുന്നതിനെ സുപ്രീംകോടതിയും ചോദ്യം ചെയ്തിരുന്നു. ആശിഷ് മിശ്രയുടെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഒരാഴ്ച കൂടി ചോദ്യം ചെയ്യലിനായി കസ്റ്റഡി നീട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടാനിരിക്കുകയാണ് പൊലീസ്.
ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് താൻ സംഭവസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ജന്മഗ്രാമത്തിലായിരുന്നു എന്ന മൊഴി ആശിഷ് ആവർത്തിക്കുകയാണ്. 11 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ആശിഷിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
'റെഡ് കാർപറ്റ് അറസ്റ്റ്'; ആശിഷ് മിശ്രയുടെ അറസ്റ്റിൽ കർഷകനേതാവ് രാകേഷ് ടികായത്
ന്യൂഡൽഹി: ലഖിംപുർ കർഷക കൊലയിൽ നടക്കുന്ന അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടികായത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത് റെഡ് കാർപറ്റ് അറസ്റ്റെന്ന് രാകേഷ് ടികായത് കുറ്റപ്പെടുത്തി.
അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ നടത്തുന്ന അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകില്ല. കർഷക പ്രതിഷേധം ഭയന്നാണ് മന്ത്രി പുത്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് മന്ത്രിസ്ഥാനത്ത് തുടരുന്നതിനാൽ സംഭവത്തിൽ നീതി ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും രാകേഷ് ടികായത് തുറന്നടിച്ചു.
ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞദിവസം നിരസിച്ചിരുന്നു. കേസിൽ രണ്ടുപേർകൂടി അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ, ഒക്ടോബർ മൂന്നിന് നടന്ന അറുകൊലയിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ജാമ്യം തള്ളിയതോടെ ആശിഷ് വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.