ലക്ഷങ്ങൾ കുടിശ്ശിക; മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റിന്റെ സേവനങ്ങൾ അവസാനിപ്പിക്കുന്നു
text_fieldsകോട്ടയം: ചെയ്ത ജോലിക്കുള്ള പണം നിരന്തരം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റ് നൽകുന്ന സേവനങ്ങൾ അവസാനിപ്പിക്കുന്നു. പണം നൽകാത്തതിനാൽ മാർച്ച് ഒന്നുമുതൽ സേവനം ലഭ്യമാക്കില്ലെന്ന് രേഖാമൂലം സി-ഡിറ്റ് അറിയിച്ചിട്ടുണ്ട്. ഇത് മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
ഈ മാസം 20നാണ് കത്ത് നൽകിയത്. വകുപ്പിൽ കാതലായ മാറ്റങ്ങൾക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ നീക്കം നടത്തുന്നതിനിടെയാണിത്. ലൈസൻസ് പരിഷ്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളെ സി-ഡിറ്റിന്റെ നീക്കം ബാധിക്കും.
മോട്ടോർ വാഹന വകുപ്പിന് സ്റ്റേഷനറി, സിസ്റ്റങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും നൽകിവരുന്നത് സി-ഡിറ്റാണ്. 2021 ജനുവരി 31ന് ഇരു കൂട്ടരും തമ്മിലുള്ള ഫെസിലിറ്റി മാനേജ്മെന്റ് സർവിസ് കരാർ അവസാനിച്ചിരുന്നെങ്കിലും 2021 ഫെബ്രുവരി എട്ടിലെ സർക്കാർ ഉത്തരവ് പ്രകാരം നാളിതുവരെ സേവനം ലഭ്യമാക്കി വരുകയായിരുന്നു. എന്നാൽ, ഒരുവർഷമായി സി-ഡിറ്റ് നൽകുന്ന സേവനങ്ങൾക്ക് ഒരുരൂപ പോലും നൽകിയിട്ടില്ല. അതിനാൽ ലക്ഷങ്ങൾ കിട്ടിയില്ലെങ്കിൽ 2023 നവംബർ മുതൽ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആ നോട്ടീസും കണ്ടില്ലെന്ന് നടിക്കുകയാണ് വകുപ്പ്.
2023 ഫെബ്രുവരി മുതലുള്ള ഇൻവോയ്സ് കുടിശ്ശിക ഈ മാസം അവസാനമെങ്കിലും ലഭിക്കാത്തപക്ഷം ജീവനക്കാരുടെ സേവനം ഉൾപ്പെടെ എല്ലാ സേവനങ്ങളും മാർച്ച് ഒന്നുമുതൽ കുടിശ്ശിക ലഭിക്കുന്നതുവരെ താൽക്കാലികമായി നിർത്തുമെന്നാണ് സി-ഡിറ്റ് അവസാന സർക്കുലറിൽ വ്യക്തമാക്കുന്നത്.
സി-ഡിറ്റിൽനിന്നുള്ള നിർദേശം ലഭിച്ചശേഷം മാത്രം മോട്ടോർ വാഹന വകുപ്പിനുവേണ്ടി ജോലി ചെയ്യുന്ന ജീവനക്കാർ ഈ മാസം 29നുശേഷം സേവനം തുടർന്നാൽ മതിയെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.