കെട്ടിക്കിടക്കുന്നത് ലക്ഷങ്ങളുടെ കോവിഡ് പ്രതിരോധ വസ്തുക്കൾ; ഗുണനിലവാരമില്ലാത്തവ വാങ്ങിക്കൂട്ടിയത് ഇരട്ടിവിലക്ക്
text_fieldsതിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളിൽ ടെൻഡറില്ലാതെ പർച്ചേസ് ആകാമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) സാധനങ്ങൾ വാങ്ങിക്കൂട്ടിയത് ഇരട്ടിവിലക്ക്. അമിതവില നൽകി വാങ്ങിയ സാധനങ്ങൾ മത്സര ടെൻഡറിലൂടെയാണെന്നാണ് കെ.എം.എസ്.സി.എൽ ആരോഗ്യവകുപ്പിനെ ധരിപ്പിച്ചത്. എന്നാൽ, ഇതിൽ പകുതിയിലേറെയും സാധനങ്ങൾ ഗുണനിലവാരമില്ലാത്തതാണ്. കോവിഡ് കാലത്ത് ഉയർന്ന വിലക്ക് സംഭരിച്ച ഗ്ലൗസുകളടക്കം ലക്ഷങ്ങളുടെ സാധനങ്ങൾ മെഡിക്ക ൽ സർവിസസ് കോർപറേഷൻ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു.
കോവിഡിന്റെ തുടക്കകാലത്തുതന്നെ സാധനങ്ങൾ വാങ്ങൽ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്ന ഡോ. എം.കെ. മുനീർ നിയമസഭയിലും ഇക്കാര്യമുന്നയിച്ചു. പി.പി.ഇ കിറ്റിന്റെ വില സംബന്ധിച്ചായിരുന്നു പ്രധാന ആരോപണം.
550 രൂപക്കുള്ള പി.പി.ഇ കിറ്റുകൾ 1550 രൂപക്കാണ് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ സംഭരിച്ചത്. മൊത്തം തുകയായ ഒമ്പത് കോടിയോളം രൂപ കമ്പനിക്ക് മുൻകൂറായും നൽകിയിരുന്നു. പിന്നീട് നടന്ന 1600 കോടിയോളം രൂപയുടെ ഇടപാടിൽ മിക്കതും ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെയായിരുന്നു. തുക മുൻകൂറായി നൽകുകയും ചെയ്തു. ഏറെ വിവാദമായെങ്കിലും സർക്കാറോ ആരോഗ്യവകുപ്പോ ഇക്കാര്യത്തിൽ ഇടപെട്ടുമില്ല.
ഇതിനുശേഷം 2021 മേയിൽ കോവിഡ് സാമഗ്രികളുടെ പരമാവധി വില നിശ്ചയിച്ച് സർക്കാർ ഇറക്കിയ ഉത്തരവുകളിൽ കെ.എം.എസ്.സി.എൽ വിലവർധന ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. പി.പി.ഇ കിറ്റ്, എൻ 95 മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് തുടങ്ങി 15 ഇനങ്ങൾക്കാണ് സർക്കാർ നിശ്ചയിച്ച പരമാവധി വിലയിൽനിന്ന് 20 ശതമാനം വിലവർധന കെ.എം.എസ്.സി.എൽ ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് വില പുതുക്കി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, ഈ അടിസ്ഥാന വിലയിൽ നിന്നെല്ലാം ഇരട്ടിവിലക്കാണ് മിക്ക സാധാനങ്ങളും മെഡിക്കൽ സർവിസസ് കോർപറേഷൻ സംഭരിച്ചത്. 12.15 രൂപ വിലക്കുള്ള ഗ്ലൗസ് 24.30 രൂപക്കാണ് ഓർഡർ നൽകിയത്.
അടിയന്തരഘട്ടത്തിൽ സർക്കാറിന്റെ പർച്ചേസ് നയങ്ങളിലൂടെ കടന്നുപോയാൽ സാധനങ്ങൾ ലഭ്യമാകാൻ ഏറെ സമയമെടുക്കും. അതിനാൽ കോവിഡ് ചികിത്സാ ഉൽപന്നങ്ങൾ വാങ്ങാൻ ദുരന്ത നിവാരണ നിയമത്തിന്റെ പ്രത്യേക വകുപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത് മെഡിക്കൽ സർവിസസ് കോർപറേഷൻ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.