സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് ലക്ഷങ്ങൾ തട്ടി; ജീവനക്കാരിയും യുവാവും പിടിയിൽ
text_fieldsപത്തനംതിട്ട: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻസ് ഓഫിസറായി ജോലി ചെയ്യുന്നതിനിടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെയും കാമുകനെയും കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി എൻ.എം. നെടുമ്പറമ്പിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻസ് ഓഫിസറായിരുന്ന ആനിക്കാട് വായ്പ്പൂർ പാറയിൽ നീതുമോൾ എൻ.എം (32), ഇവരുടെ സുഹൃത്ത് കോട്ടാങ്ങൽ വായ്പ്പൂർ ജോണിപ്പടി മഞ്ഞള്ളൂർ കുന്നേൽ വീട്ടിൽ മനു (32) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജോലി ചെയ്ത സ്ഥാപനത്തിൽ, സ്വന്തം പേരിലും ഭർത്താവിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വർണം പണയം വെച്ച് 12,31,000 രൂപ കൈവശപ്പെടുത്തിയ യുവതി സ്ഥാപനത്തിലെ ലോക്കർ രഹസ്യമായി തുറന്ന് മുക്കുപണ്ടം വെച്ചശേഷം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. സീനിയർ ബ്രാഞ്ച് മാനേജരുടെ വിശ്വാസം ആർജിച്ചശേഷം സ്ട്രോങ്റൂമിന്‍റെ രണ്ട് താക്കോലുകളിലൊന്ന് കൈക്കലാക്കിയാണ് നീതു തട്ടിപ്പ് നടത്തിയത്.
സീനിയർ ബ്രാഞ്ച് മാനേജർ വിശ്വംഭരൻ കഴിഞ്ഞവർഷം ഡിസംബർ 17ന് കീഴ്‌വായ്‌പ്പൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അന്നത്തെ പൊലീസ് ഇൻസ്‌പെക്ടർ ജി. സന്തോഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്. ഐ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരുവർഷമായി അന്വേഷണം തുടരുകയായിരുന്നു. പ്രതി കവർന്ന പണയ ഉരുപ്പടികൾ പൊലീസ് കണ്ടെടുത്തു.
സ്ഥാപന ഉടമ തട്ടിപ്പ് അറിഞ്ഞപ്പോൾ, യുവതി കുറ്റസമ്മതം നടത്തിയിരുന്നു. പണവും പലിശയും തിരിച്ചടക്കാമെന്ന് സമ്മതിച്ച് മുദ്രപ്പത്രത്തിൽ എഴുതിക്കൊടുക്കുകയും ചെയ്തു. മല്ലപ്പള്ളിയിലെ ഒരു ഗോൾഡ് കവറിങ് ഷോപ്പിൽനിന്നാണ് യുവതി മുക്കുപണ്ടങ്ങൾ വാങ്ങിയത്. ഇതാണ് ലോക്കറിൽ വെച്ച് പകരം അവിടെയുണ്ടായിരുന്ന ആഭരണങ്ങൾ കവർന്നത്. പ്രതി മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിലും സമാന തട്ടിപ്പുകൾ നടത്തിയിരുന്നു.
അന്വേഷണം പുരോഗമിക്കവേ, നീതു മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പാകെ ഹാജരാകാൻ നിർദേശിച്ചു. ഇവർ കവർന്നെടുത്ത തുകയിൽ ഒരുവിഹിതം സുഹൃത്ത് മനുവിന് നേരിട്ട് കൈമാറിയിരുന്നു. ഇത് കൂടാതെ മൊബൈൽ ഫോണും റിസ്റ്റ് വാച്ചും ഡ്രസുകളും വാങ്ങി നൽകി. ഇയാളുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. ഗർഭിണിയായ തന്നെ നിർബന്ധിച്ച് ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭം അലസിപ്പിച്ചിരുന്നുവെന്നും മൊഴി നൽകി.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് തർക്കമുണ്ടായപ്പോൾ യുവതി, ഇയാൾക്കെതിരെ ബലാത്സംഗത്തിനും നിർബന്ധിപ്പിച്ച് ഗർഭം അലസിപ്പിച്ചതിനും മറ്റും പരാതി നൽകിയിരുന്നു. തട്ടിപ്പ് തുകയിൽ നിന്നും 1,00,000 രൂപ ആദ്യ ഘട്ടമായി നൽകി പുതിയ കാറും വാങ്ങിയിരുന്നു. ഇത് ഭർത്താവാണ് ഉപയോഗിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.