ലക്ഷദ്വീപ് ഭരണകൂടത്തിന് താൽപര്യം 'വമ്പൻ വികസനം' മാത്രം; അടിസ്ഥാന ആവശ്യങ്ങൾ ചുവപ്പുനാടയിൽ
text_fieldsകൊച്ചി: അശാസ്ത്രീയ പരിഷ്കാരങ്ങളിലൂടെ വമ്പൻ പദ്ധതികൾ നടപ്പാക്കാനിറങ്ങിയ ലക്ഷദ്വീപ് ഭരണകൂടത്തിന് ആരോഗ്യമേഖലയിലെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ താൽപര്യമില്ല. വലിയ റോഡുകളും ടൂറിസം വികസനവും വിഭാവനം െചയ്യുമ്പോൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ് ആശുപത്രി വാർഡിലെ കിടക്കകൾ മുതൽ ഓപറേഷൻ തിയറ്ററിലെ ഉപകരണങ്ങൾ വരെയുള്ള ആവശ്യങ്ങൾ.
കവരത്തി ഇന്ദിര ഗാന്ധി ആശുപത്രി, അഗത്തി രാജീവ് ഗാന്ധി സ്പെഷലിസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മരുന്നും ഉപകരണങ്ങളുമടക്കം സേവനങ്ങൾ എത്തിക്കേണ്ട അഡ്മിനിസ്ട്രേഷൻ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ലക്ഷദ്വീപിലെ സാമൂഹിക പ്രവർത്തകൻ ശറഫുദ്ദീൻ ഇർഫാനി 'മാധ്യമ'ത്തോട് പറഞ്ഞു.
എം.ആർ.ഐ സ്കാനെടുക്കണമെങ്കിൽ കേരളത്തിലെത്തണം. 10 ദ്വീപിലേക്കുംകൂടി ആകെയുള്ളത് ഉപയോഗക്ഷമമായ ഒരേയൊരു സി.ടി സ്കാൻ മെഷീനാണ്. രോഗികൾ വർധിക്കുമ്പോൾ ദ്വീപിൽ കോവിഡ് ആശുപത്രിയില്ലെന്നതും ആശങ്കയാകുന്നു.
ഭൂരിഭാഗം ദ്വീപുകളും ആശ്രയിക്കുന്നത് അഗത്തിയിലെ ആശുപത്രിയാണ്. ഇവിടുത്തെ അസ്ഥിരോഗ വിഭാഗം ഓപറേഷൻ തിയറ്റർ പ്രവർത്തനക്ഷമമല്ല. ശീതീകരണ സംവിധാനം തകരാറിലായതോടെ ശസ്ത്രക്രിയകൾ പലതും മുടങ്ങി. ബോയിൽസ് യന്ത്രം, ഇ.എൻ.ടി വിഭാഗത്തിലെ മൈക്രോസ്കോപ് എന്നിവയും ഉപയോഗശൂന്യം. കോവിഡ് ബാധിതരെ പരിപാലിക്കുന്ന വാർഡുകളിൽ ഉപയോഗിക്കാൻ വസ്ത്രങ്ങളും പരിമിതം. ഡോക്ടർമാർക്ക് ദൈനംദിനം ഉപയോഗിക്കേണ്ട ഉപകരണങ്ങൾ ഭൂരിഭാഗവും കേടുപാട് വന്നിരിക്കുന്നു.
വാർഡുകൾ, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ കിടക്ക, ബെഡ്ഷീറ്റ് എന്നിവപോലും ആവശ്യത്തിനില്ലെന്നാണ് ആരോപണം. മനോരോഗ വിഭാഗത്തിലെ മുറിയിൽ മേശയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കാലഹരണപ്പെട്ടു. ആവശ്യത്തിന് മരുന്നില്ലാതെ ഫാർമസി ശൂന്യമാകുന്ന സ്ഥിതിയാണ്. കാലാവധി പൂർത്തിയാകാറായ മരുന്നുകൾ, ഗ്ലൗസുകൾ, ബാൻഡേജുകൾ എന്നിവയാണ് പലപ്പോഴും ആശുപത്രിയിലെത്തുന്നത്. ഇലക്ട്രോലൈറ്റ് അനലൈസർ ഇല്ലാത്തതിനാൽ സാമ്പിളുകൾ ശേഖരിച്ച് കവരത്തിയിലേക്ക് അയച്ചാണ് പരിശോധന നടത്തുന്നത്.
വിദഗ്ധ പരിശോധനകൾ നടത്തണമെങ്കിൽ കേരളത്തിലെത്തണം. ഡിജിറ്റൽ എക്സ്റേ സംവിധാനം രണ്ടുവർഷമായി ഉപയോഗക്ഷമമല്ല. രാജീവ് ഗാന്ധി ആശുപത്രിയിലെ ലബോറട്ടറിയിൽ പ്രിൻററില്ലാത്തതിനാൽ റിപ്പോർട്ടുകൾ നൽകാൻ പലപ്പോഴും കഴിയാറില്ല. ആരോഗ്യമേഖലയിലെ ഈ പ്രതിസന്ധികൾ സംബന്ധിച്ച് പലതവണ പരാതി നൽകിയിട്ടും അഡ്മിനിസ്ട്രേഷൻ തീരുമാനമെടുത്തിട്ടില്ലെന്ന് ശറഫുദ്ദീൻ ഇർഫാനി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.