പ്രതിഷേധം അട്ടിമറിക്കാൻ ലക്ഷദ്വീപ് ഭരണകൂടം
text_fieldsകൊച്ചി: പ്രതിഷേധങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കത്തിന് ജനപ്രതിനിധികളുടെ തിരിച്ചടി നേരിട്ടതോടെ അട്ടിമറിശ്രമവുമായി ലക്ഷദ്വീപ് ഭരണകൂടം. ജനവിരുദ്ധ നയങ്ങൾക്കെതിരായ നിയമനടപടികൾക്കുള്ള ജില്ല പഞ്ചായത്ത്, വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങളുടെ ചർച്ചകളിൽ ഉദ്യോഗസ്ഥ പ്രതിനിധികളെകൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെക്കാനാണ് നീക്കം. ഇത്തരം ആളുകളെ തിരുകിക്കയറ്റി ഭരണകൂടത്തിനെതിരായ തീരുമാനങ്ങൾ പൊളിക്കലാണ് ലക്ഷ്യം.
എന്നാൽ, അത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തുകയാണെന്നും ഭരണകൂട ശ്രമങ്ങൾ വിലപ്പോകില്ലെന്നും ജനപ്രതിനിധികൾ പറയുന്നു. ഒറ്റക്കെട്ടായ പ്രതിഷേധ മാണ് ദ്വീപിൽ നടക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങളെ അംഗീകരിക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദ്വീപിെൻറ വികാരം ഉൾക്കൊള്ളുന്ന വലിയൊരു ശതമാനം ഉദ്യോഗസ്ഥർ ഉണ്ടെന്നും അവർ വ്യക്തമാക്കുന്നു. പ്രതിഷേധങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യു.സി.കെ. തങ്ങൾ പറഞ്ഞു. ഭിന്നിപ്പിനുള്ള ശ്രമം വിലപ്പോകില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അഡ്മിനിസ്ട്രേഷൻ പ്രതിനിധികളുടെ അനുനയ ശ്രമങ്ങൾ വെള്ളിയാഴ്ചയും തുടർന്നു. ജനപ്രതിനിധികൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചു. മിനിക്കോയ് ദ്വീപിലെത്തിയ പ്രതിനിധി അമിത് വർമയോട് വിവാദ നടപടികൾ തിരുത്തണമെന്നും കലക്ടർ അസ്കർ അലി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടെന്ന് മിനിക്കോയ് വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ ഡോ. മുനീർ 'മാധ്യമ'ത്തോട് പറഞ്ഞു. അഗത്തി ദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ പ്രതിനിധി ദാമോദറിന് മുന്നിൽ പ്രതിഷേധം അറിയിച്ചതായി ദ്വീപ് വില്ലേജ് ജനപ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.