ഉടമകളുടെ അനുവാദമില്ലാതെ ഭൂമി ഏറ്റെടുക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ്
text_fieldsകൊച്ചി: വികസന പ്രവർത്തനങ്ങൾക്ക് ഉടമകളുടെ അനുവാദമില്ലാതെയോ നിയമങ്ങൾക്ക് വിരുദ്ധമായോ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് അറിയിച്ചതായി സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ. എസ്.എൽ.എഫ് നേതാക്കളും അഡ്മിനിസ്ട്രേറ്ററുെട ഉപദേഷ്ടാവ് എ. അൻപരശുമായി നടത്തിയ ചർച്ചക്കിടയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.
ലക്ഷദ്വീപിൽ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങൾ തെൻറ അറിവിൽ നിർത്തിവെച്ചിരിക്കുകയാണെന്നും വീണ്ടും വരികയാണെങ്കിൽ ദ്വീപ് നിവാസികളുടെ അഭിപ്രായങ്ങൾ പരിഗണിക്കാൻ നടപടി സ്വീകരിക്കുമെന്നും ഉപദേഷ്ടാവ് അറിയിച്ചു. ബേപ്പൂർ, കൊച്ചി തുറമുഖങ്ങളുമായുള്ള ബന്ധം പൂർണമായി അവസാനിപ്പിക്കുകയില്ലെന്നും അവിടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിെൻറ ഭാഗമായി കഴിഞ്ഞ ആഴ്ച ബേപ്പൂർ സന്ദർശിച്ചു. ബേപ്പൂരിനും കൊച്ചിക്കും പുറമെ മംഗലാപുരം തുറമുഖം കൂടി ഉൾപ്പെടുത്തിയതേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. വിവിധ വകുപ്പുകളിൽനിന്നും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്ന കാര്യം, ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളവർക്കുള്ള നഷ്ടപരിഹാര വിഷയം, പണ്ടാരം ഭൂമി സംബന്ധമായ കാര്യങ്ങളും ജനകീയ പങ്കാളിത്തത്തോടെയുള്ള വിവിധ സമിതികൾ പുനരുജ്ജീവിപ്പിക്കുന്ന കാര്യം എന്നിവയെല്ലാം അഡ്മിനിസ്ട്രേറ്ററുമായി ചർച്ച നടത്താമെന്നും കൂടിയാലോചനകൾക്ക് ശ്രമിക്കാമെന്നും അഡ്വൈസർ ഫോറം ഭാരവാഹികൾക്ക് ഉറപ്പു നൽകി.
ദുരന്തനിവാരണ സമിതിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന കാര്യം പരിഗണിക്കാമെന്നും കലക്ടറോട് ആവശ്യപ്പെടാമെന്നും സമ്മതിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള കടകൾ അടക്കുന്ന സമയം രാത്രി എട്ട് മണി എന്നത് നീട്ടി നൽകാനും തട്ടുകടകൾ തുറന്ന് പ്രവർത്തിക്കുന്നതിനും ശനി, ഞായർ ദിവസങ്ങളിൽ തൊഴിലാളികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യവും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ലക്ഷദ്വീപ് സന്ദർശനത്തിനെത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദാ പട്ടേലിനെ കാണുന്നതിനുള്ള സൗകര്യം ഒരുക്കാമെന്നും അദ്ദേഹം നേതാക്കളോട് അറിയിച്ചു.
എസ്.എൽ.എഫ് കോർ കമ്മിറ്റി അംഗങ്ങളായ ഡോ. പി.പി. കോയ, യു.കെ.സി. തങ്ങൾ, ബി.ഹസൻ, ഡോ.മുഹമ്മദ് സാദിഖ്, മുഹമ്മദലി എന്നിവരാണ് ബുധനാഴ്ച അഡ്വൈസറുമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.