ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾ തുടരുന്നു; കപ്പൽ സർവീസും ക്രൂ നിയമനവും ഷിപ്പിങ് കോർപറേഷന് കൈമാറാൻ നീക്കം
text_fieldsകൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്‍റെ ജനദ്രോഹ നടപടികൾ തുടരുന്നു. ലക്ഷദ്വീപ് ഡവലപ്മെന്‍റ് കോർപറേഷന്‍റെ കീഴിലുള്ള കപ്പൽ സർവീസും ക്രൂവിനെ നിയമിക്കാനുള്ള അധികാരവും ഷിപ്പിങ് കോർപറേഷൻ ഒാഫ് ഇന്ത്യക്ക് കൈമാറാനാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ തീരുമാനം. നടപടിയുടെ ഭാഗമായി നിലവിലെ കപ്പൽ ജീവനക്കാരുടെ വിശദാംശങ്ങൾ അറിയിക്കാൻ അഡ്മിനിസ്ട്രേറ്റർ ഉത്തരവിട്ടു.
ഏഴ് യാത്രാ കപ്പലുകളും എട്ട് കാർഗോ യാനങ്ങളും സ്പീഡ് യാനങ്ങളുമാണ് ലക്ഷദ്വീപിൽ സർവീസ് നടത്തുന്നത്. ഈ കപ്പലിൽ ജോലി ചെയ്യുന്ന എണ്ണൂറോളം പേരിൽ 70 ശതമാനവും ലക്ഷദ്വീപ് നിവാസികളും ബാക്കിയുള്ളവർ കേരളത്തിൽ നിന്നുള്ളവരുമാണ്. അഡ്മിനിസ്ട്രേറ്ററുടെ പുതിയ നടപടി ദ്വീപ് നിവാസികളുടെ തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും.
കോവിഡ് മഹാമാരിയുടെ കാലത്ത് ആറു മാസത്തിനുള്ളിൽ കപ്പൽ സർവീസ് ഏറ്റെടുക്കാമെന്നാണ് ഷിപ്പിങ് കോർപറേഷൻ ഒാഫ് ഇന്ത്യ ലക്ഷദ്വീപ് അധികൃതരെ അറിയിച്ചിട്ടുള്ളത്. ദ്വീപ് നിവാസികളായ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ആളുകളുടെ ഷിപ്പിങ് കോർപറേഷൻ ഒാഫ് ഇന്ത്യ നിയമിക്കുക വഴി നിരവധി പേർ പുറത്താകും.
കപ്പൽ സർവീസിൽ 20 വർഷമായി ജോലി ചെയ്യുന്ന ദ്വീപ് നിവാസികളുണ്ട്. ദ്വീപിന്‍റെ മൊത്തം സമ്പദ് വ്യവസ്ഥയിൽ 30 ശതമാനം തദ്ദേശീയരായ കപ്പൽ ജീവനക്കാരുടെ വരുമാനമാണ്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ നടപടി ദ്വീപ് നിവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.