വീണ്ടും ലക്ഷദ്വീപിനെതിരേ നുണപ്രചരണവുമായി സംഘപരിവാർ; ഗാന്ധി പ്രതിമ സ്ഥാപിച്ചതിനെചൊല്ലി സമൂഹമാധ്യമങ്ങളിൽ വീരവാദം
text_fieldsലക്ഷദ്വീപിനും ദ്വീപുകാർക്കുമെതിരേ വീണ്ടും നുണപ്രചരണവുമായി സംഘപരിവാർ. ഗാന്ധി വിരോധം ദ്വീപുകാരുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഇത്തവണ സംഘപരിവാർ നടത്തുന്നത്. രാജ്നാഥ് സിങ് കവരത്തിയിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് പുതിയ പ്രചരണം. ദ്വീപുമായി ബന്ധപ്പെട്ട് നേരത്തേ ഇത്തരമൊരു വ്യാജ ആരോപണം സംഘപരിവാർ ഉയർത്തിയിരുന്നു. അതിനുള്ള കൃത്യമായ മറുപടി അന്നുതന്നെ ദ്വീപുകാർ നൽകുകയും ചെയ്തിട്ടുണ്ട്. ഇത് മറച്ചുവച്ചാണ് വ്യാജ ആരോപണം ദ്വീപുകാരുടെ മേൽ വീണ്ടും ഉന്നയിക്കുന്നത്. കേരളത്തിലെ ചില മാധ്യമങ്ങളും ബി.ജെ.പി നേതാക്കളും നുണപ്രചരണത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ലക്ഷദ്വീപുകാരുടെ ഗാന്ധി വിരോധമെന്ന പച്ചക്കള്ളം
2010ല്‍ യു.പി.എ സര്‍ക്കാരിെൻറ കാലത്ത് ലക്ഷദ്വീപില്‍ സ്ഥാപിക്കാന്‍ കൊണ്ടു വന്ന ഗാന്ധി പ്രതിമ ഇറക്കാന്‍ ദ്വീപ് നിവാസികൾ സമ്മതിച്ചില്ല എന്നാണ് ബി.ജെ.പിയും മറ്റ് പരിവാർ സംഘടനകളും പ്രചരിപ്പിക്കുന്നത്. എന്നാലിത് കല്ലുവച്ച നുണയാണെന്ന് ദ്വീപ് ഡയറിയെന്ന ലക്ഷദ്വീപിെൻറ സ്വന്തം മാധ്യമം നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഗാന്ധി പ്രതിമ ദ്വീപിൽ സ്ഥാപിക്കാൻ സാധിക്കാതിരുന്നത് ദ്വീപുകാരുടെ പ്രതിഷേധം കൊണ്ടല്ലെന്നും മോശം കാലാവസ്ഥ മൂലമാണെന്നും ദ്വീപ് ഡയറി വെളിപ്പെടുത്തുന്നു. ലക്ഷദ്വീപിനെതിരായ കുപ്രചരണം നിർത്തണമെന്നും ദ്വീപ് ഡയറിയുടെ എഡിറ്റോറിയലില്‍ കഴിഞ്ഞ ജൂണിൽ ആവശ്യപ്പെട്ടിരുന്നു.
'2010 ഗാന്ധി ജയന്തി ദിനത്തില്‍ തലസ്ഥാന ദ്വീപായ കവരത്തിയില്‍ അനാച്ഛാദനം ചെയ്യണമെന്നുദ്ദേശിച്ച് സെപ്റ്റംബര്‍ 28 ന് എം.വി. അമിന്‍ദിവി കപ്പലില്‍ പുറപ്പെട്ട രണ്ടുലക്ഷം രൂപ വിലവരുന്ന ഗാന്ധിയുടെ അര്‍ധകായ പ്രതിമ ദ്വീപുകാരുടെ എതിര്‍പ്പുകാരണം തിരിച്ചയക്കേണ്ടി വന്നു എന്നാണു ദേശീയ സംഘി മാധ്യമങ്ങളിലും സെന്‍സേഷണലിസത്തിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച ചില മലയാള മാധ്യമങ്ങളിലും പിന്നെ വലതുപക്ഷ പ്രൊഫൈലുകളിലും ഓടുന്ന കഥ. ദ്വീപില്‍ അപ്രഖ്യാപിത ശരീഅത്ത് നിയമം ആയതുകൊണ്ടാണുപോലും ഗാന്ധിപ്രതിമ വേണ്ടന്നുവെച്ചത്. അന്നത്തെ കേന്ദ്രഭരണകൂടം നിയമിച്ച വലതുപക്ഷ ചായ്വുള്ള അഡ്മിനിസ്ട്രേറ്റര്‍ ശരീഅത്ത് നടപ്പില്‍ വരുത്താന്‍ കൂട്ടുനിന്നു എന്നാണോ കവി ഉദ്ദേശിച്ചത് ആവോ'- ദ്വീപ് ഡയറിയുടെ ലേഖനത്തില്‍ ചോദിക്കുന്നു. മോശം കാലാവസ്ഥ മൂലമാണ് പ്രതിമ ഇറക്കാന്‍ കഴിയാതിരുന്നതെന്നും അന്നത്തെ കളക്ടര്‍ എന്‍. വസന്ത കുമാര്‍ തന്നെ പറഞ്ഞിരുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.
ലക്ഷദ്വീപില്‍ സ്ഥാപിക്കാതെ തിരിച്ചു കൊണ്ടു പോയ പ്രതിമ വിശ്വഹിന്ദു പരിഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു കവരത്തിയിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു എന്നും അത് 11 വര്‍ഷമായി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസില്‍ ചാക്കുകൊണ്ട് മൂടിയിട്ടിരിക്കുകയാണെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് അടിസ്ഥാനരഹിതമാണെന്നും ദ്വീപ് ഡയറി പറയുന്നു.
അടുത്ത റിപ്പബ്ലിക് ദിനത്തിന് സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ അഡ്മിനിസ്‌ട്രേഷന്‍ ഒരു ശില്പിയെ വന്‍കരയില്‍ നിന്നുകൊണ്ടുവന്നു ഗാന്ധിപ്രതിമ ഉണ്ടാക്കിച്ചതായി അറിയുന്നു. തൊട്ടടുത്ത വര്‍ഷം റിപ്ലബ്ലിക് ദിനത്തിന് അത് പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. എന്നാല്‍ പ്രതിമക്ക് ഗാന്ധിയോട് രൂപസാദ്യശ്യം കുറവായിരുന്നു. പലരും അക്കാര്യം സൂചിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ രൂപസാദൃശ്യമില്ലാത്തതിനെ തുടര്‍ന്ന് അത് സ്ഥാപിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നും ലേഖനത്തിലുണ്ട്.
കവരത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡിന്റെ പേര് മഹാത്മാ ഗാന്ധി റോഡ് എന്നാണെന്നും ലക്ഷദ്വീപിലും കവരത്തിയിലും പുറത്ത് നിന്ന് വന്ന് പണിയെടുക്കുന്നവര്‍ക്ക് വേണ്ടി ക്ഷേത്രങ്ങളുണ്ടെന്നും, ഗാന്ധി കോഴിക്കോട് വരുന്നുണ്ട് എന്നറിഞ്ഞ് സ്വാതന്ത്ര്യസമരകാലത്ത് ദ്വീപോടത്തില്‍ കയറി വന്‍കരയിലേക്കുപോയ ആളുകള്‍ വടക്കന്‍ ദ്വീപുകളിലുണ്ടെന്നും ദ്വീപ് ഡയറി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.