ഹൈകോടതി ഇടപെട്ടു; ലക്ഷദ്വീപിൽ കലക്ടറുടെ കോലം കത്തിച്ച കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം
text_fieldsകൊച്ചി: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ സമരം നടത്തിയതിന് പിടികൂടിയ 23 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തതിനെതിരെ ഹൈകോടതി. ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്യാനിടയായത് സംബന്ധിച്ച് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനോട് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തേടി. ഇവർക്ക് ജാമ്യം നൽകാനും ഉത്തരവിട്ടു. ജാമ്യം നൽകാമായിരുന്നിട്ടും ജയിലിലടച്ചത് ചോദ്യം ചെയ്ത് ആന്ത്രോത്ത് ദ്വീപുവാസി സയ്യിദ് മുഹമ്മദ് കോയ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മേയ് 28, 29 തീയതികളിൽ അറസ്റ്റിലായ ഇവരെ റിമാൻഡ് ചെയ്ത് കിൽത്താൻ ദ്വീപിലെ ഒരു കമ്യൂണിറ്റി ഹാളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് അറസ്റ്റ് നിയന്ത്രിച്ച് സുപ്രീംകോടതി നൽകിയ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണിതെന്നും അറസ്റ്റിലായവരിൽ കോവിഡ് സ്ഥിരീകരിച്ച ഒരാളെ എവിടേക്കോ മാറ്റിയെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, അറസ്റ്റ് ചെയ്തപ്പോൾതന്നെ ഇവർക്ക് ജാമ്യം നൽകാമെന്ന് പറഞ്ഞതാണെന്നും ഇത് നിരസിച്ച സമരക്കാർ നിരാഹാര സമരം നടത്തിയെന്നും ലക്ഷദ്വീപിെൻറ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇത്തരമൊരു സംഭവമുണ്ടായില്ലെന്ന് ഹരജിക്കാരൻ പറഞ്ഞു.
തുടർന്നാണ് പ്രതികളെ വൈകീട്ട് മൂേന്നാടെ അമിനി ദ്വീപിലെ സി.ജെ.എം കോടതിയിൽ വിഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കി ജാമ്യം നൽകാൻ കോടതി നിർദേശിച്ചത്. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.