തുടർച്ചയായ രാജികൾ: ലക്ഷദ്വീപിൽ ബി.ജെ.പി മരണത്തിലേക്ക്; ആകെയുള്ള 125 വോട്ടും ഓർമയാകും
text_fieldsകൊച്ചി: ഓഫറുകൾ നൽകി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബി.ജെ.പിക്ക് ലക്ഷദ്വീപിൽ നേരിടേണ്ടിവരുന്നത് വൻ തിരിച്ചടി. ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ കേസ് നൽകിയതിനും അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിലെ പാർട്ടി നിലപാടിലും പ്രതിഷേധിച്ച് കൂട്ടമായി ലക്ഷദ്വീപിലെ ബി.ജെ.പി പ്രവർത്തകർ രാജിവെക്കുകയാണ്.
ഇതിനിടെ, ദ്വീപിലെ നേതാക്കളും പ്രഭാരി എ.പി. അബ്ദുല്ലക്കുട്ടിയും തമ്മിെല വാട്സ്ആപ്പ് ശബ്ദസന്ദേശങ്ങൾ വീണ്ടും പുറത്തായി. കേസ് നൽകിയതിനെതിരെ ശക്തമായ പ്രതികരണമാണ് പ്രവർത്തകർ പങ്കുവെക്കുന്നത്. ചെത്തുലത്ത് ദ്വീപിലെ ഭൂരിഭാഗം പ്രവർത്തകരും രാജിവെച്ചതിന് പിന്നാലെ 2014ലെ പാർലമെൻറ് സ്ഥാനാർഥിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.പി. സെയ്തുമുഹമ്മദ് കോയയും രാജിവെച്ചു.
ബിത്ര ദ്വീപിലെ പാർട്ടിയുടെ ഏക അംഗവും ദ്വീപ് പ്രസിഡൻറുമായ ഇഷാഖ് ഹമീദ് ഉടൻ രാജിവെക്കുമെന്ന നിലപാടിലാണ്. യൂനിറ്റില്ലെങ്കിലും ബിത്ര ദ്വീപിൽ ഇദ്ദേഹത്തിന് പ്രസിഡൻറ് പദവിയുണ്ടെന്നതാണ് രസകരം.വിവിധ ബോർഡുകളിൽ അംഗങ്ങളാകാനുള്ള പദവിയടക്കം വാഗ്ദാനം ചെയ്താണ് ബി.ജെ.പി പ്രവർത്തകരുടെ എണ്ണം വർധിപ്പിച്ചിരുന്നതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ആയിഷ സുൽത്താനയുടെ സ്വദേശംകൂടിയായ ചെത്തുലത്തിൽ ഇനി അവശേഷിക്കുന്നത് പ്രസിഡൻറും വൈസ് പ്രസിഡൻറും മാത്രമാണെന്ന് രാജിവെച്ച സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് 'മാധ്യമ'ത്തോട് പറഞ്ഞു. ബാക്കിയുള്ള ചുരുക്കം പ്രവർത്തകരും രാജിയിലേക്ക് നീങ്ങുന്നതോടെ 2019 പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച 0.27 ശതമാനം വോട്ടും ഓർമയാകും. തെരഞ്ഞെടുപ്പിൽ 125 വോട്ട് മാത്രമായിരുന്നു ബി.ജെ.പി സ്ഥാനാർഥിയായിരുന്ന അബ്ദുൽഖാദർ ഹാജിക്ക് കിട്ടിയത്. വൻകരയിൽനിന്നെത്തി ദ്വീപിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വോട്ടുകൾ ഉൾപ്പെടെയായിരുന്നു ഇത്. എൻ.സി.പി സ്ഥാനാർഥിയായി ജയിച്ച മുഹമ്മദ് ഫൈസലിന് 22,851 വോട്ടും കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സെയ്തിന് 22,028 വോട്ടുമായിരുന്നു ലഭിച്ചത്.
കഴിഞ്ഞ ദിവസം ആയിഷ സുൽത്താനെക്കതിരെ നടന്ന ബി.ജെ.പിയുടെ പ്ലക്കാർഡ് കാമ്പയിനിലടക്കം വളരെ കുറച്ച് ആളുകൾ മാത്രമാണ് പങ്കെടുത്തത്. കവരത്തി, അമിനി, കടമത്ത്, അഗത്തി ദ്വീപുകളിൽ പത്തിൽ താഴെ പ്രവർത്തകർ മാത്രേമ ഉള്ളൂവെന്ന് രാജിവെച്ചവർ സാക്ഷ്യപ്പെടുത്തുന്നു. അവരും ഉടൻ രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യോഗങ്ങൾ നടത്തുകയോ തീരുമാനങ്ങൾ കൂട്ടമായി കൈക്കൊള്ളുകയോ െചയ്യുന്ന രീതി ബി.ജെ.പിയിൽ ഉണ്ടായിട്ടില്ല. സ്ഥാനങ്ങൾ ആഗ്രഹിച്ച് വരുന്നവർ മാത്രമാണ് ബി.ജെ.പിയിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.