ലക്ഷദ്വീപ്: വോട്ട് ഏകീകരണം കോൺഗ്രസിന് നേട്ടമായി
text_fieldsകൊച്ചി: ലക്ഷദ്വീപിൽ മുഹമ്മദ് ഹംദുല്ല സഈദിന്റെ ജയത്തിന് നിർണായകമായത് എൻ.ഡി.എ വിരുദ്ധ വികാരത്തിനൊപ്പം കോൺഗ്രസ് വോട്ടുകൾ ഏകീകരിക്കാനായത്.
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചതുപോലെ കോൺഗ്രസ് വോട്ടുകൾ ചിതറിപ്പോകാതെ ഒരുമിപ്പിക്കാൻ ഇത്തവണ പാർട്ടിക്ക് കഴിഞ്ഞു.
ഓരോ ദ്വീപിലുമുണ്ടായിരുന്ന വോട്ടുകൾ കോൺഗ്രസ് തിരിച്ചുപിടിച്ചപ്പോൾ മൂന്ന് ദ്വീപിൽ ആധിപത്യം പൂർണമായി വിടാതെ സൂക്ഷിക്കാൻ എൻ.സി.പി-എസ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായിരുന്ന മുഹമ്മദ് ഫൈസലിന് സാധിച്ചു.
എൻ.സി.പി-എസ് ഭരിച്ചിരുന്ന കിൽത്താൻ, അമിനി, കൽപേനി വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ വോട്ടുകൾ കുറഞ്ഞെങ്കിലും അവർ തന്നെ ലീഡ് ചെയ്തു. അതേസമയം, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്ത ചെത്ത്ലത്ത്, കവരത്തി, അഗത്തി ദ്വീപുകളിൽ പിന്നിലായി. ഇതടക്കം ഏഴ് വില്ലേജ് ദ്വീപ് പഞ്ചായത്തുകളും ഭരിച്ചിരുന്നത് കോൺഗ്രസാണ്. അവരുടെ പരമ്പരാഗത വോട്ടുകൾ ഇത്തവണ വോട്ടുപെട്ടിയിൽ തിരിച്ചെത്തി.
കോൺഗ്രസ് കഴിഞ്ഞ തവണ 79 വോട്ടിന് ലീഡ് ചെയ്ത ബിത്രയിൽ 111 വോട്ട്, 252 വോട്ടിന് ലീഡ് ചെയ്ത കടമത്ത് 696 വോട്ട്, 736 വോട്ട് ലീഡുണ്ടായിരുന്ന ആന്ത്രോത്തിൽ 1339 വോട്ട്, 76 വോട്ട് ലീഡുണ്ടായിരുന്ന മിനിക്കോയിയിൽ 494 എന്നിങ്ങനെ വോട്ടുയർത്താൻ ഹംദുല്ല സഈദിനായി.
69 വോട്ട് പിന്നിലായിരുന്ന ചെത്ത്ലത്തിൽ 65 വോട്ട്, 215 വോട്ടിന് പിന്നിലായിരുന്ന കവരത്തിയിൽ 322, 124 വോട്ടിന് പിന്നിലായിരുന്ന അഗത്തിയിൽ 438 എന്നിങ്ങനെ വോട്ടുകൾക്ക് ലീഡ് ചെയ്യാനും ഇത്തവണ കഴിഞ്ഞു.
ആകെ 201 വോട്ടുമാത്രം കിട്ടിയ എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി. യൂസുഫിന് മുഹമ്മദ് ഫൈസലിന്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കാനായില്ല. 13 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഒമ്പത് തവണയും കോൺഗ്രസിനെ ചേർത്തുപിടിച്ച മണ്ഡലമാണ് ലക്ഷദ്വീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.