കവരത്തിയിൽ ബി.ഡി.ഒക്ക് ഡെപ്യൂട്ടി കലക്ടറുടെ ചുമതല
text_fieldsകൊച്ചി: കവരത്തി ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർക്ക് ഡെപ്യൂട്ടി കലക്ടറുടെ അധികച്ചുമതല നൽകി ലക്ഷദ്വീപ് കലക്ടറുടെ ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുെട നിർദേശപ്രകാരമാണ് പുതിയ നടപടി. കവരത്തി ഡെപ്യൂട്ടി കലക്ടർ അവധിയിൽ പോയതിനാലാണ് ബി.ഡി.ഒക്ക് ചുമതല നൽകിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മുമ്പ് ദ്വീപുകളിൽ ബി.ഡി.ഒമാർക്ക് ആയിരുന്നു ഡെപ്യൂട്ടി കലക്ടറുടെ ചുമതല നൽകിയിരുന്നത്.
എന്നാൽ പ്രഫുൽ ഖോദ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി എത്തിയശേഷം ദ്വീപുകളെ നാല് മേഖലകളായി തിരിച്ചു. ഓരോ മേഖലക്കും ഓരോ ഡെപ്യൂട്ടി കലക്ടർമാരെ നിയമിക്കുകയായിരുന്നു. മിനിക്കോയ് മേഖലയിലേക്ക് മാത്രമായി ഒരു ഡെപ്യൂട്ടി കലക്ടറെ നിയമച്ചപ്പോൾ കവരത്തി, അഗത്തി ദ്വീപുകൾ സംയോജിപ്പിച്ച് മറ്റൊരു മേഖലയാക്കി. ആന്ത്രോത്ത്, കൽപേനി എന്നീ ദ്വീപുകൾ ചേർന്നതായിരുന്നു മറ്റൊരു മേഖല. അമിനി, കടമത്ത്, കിൽത്താൻ, ചെത്ലത്ത്, ബിത്ര എന്നീ ദ്വീപുകൾ ഉൾപ്പെട്ടതാണ് നാലാമത്തെ മേഖല. ഇതോടെ ബി.ഡി.ഒമാർക്ക് നൽകിയിരുന്ന ചുമതല എടുത്തുമാറ്റുകയും ചെയ്തിരുന്നു.
അതേസമയം, കടൽത്തീരത്തിന് 20 മീറ്റർ പരിധിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തനം ഡെപ്യൂട്ടി കലക്ടറുടെ അസാന്നിധ്യത്തിലും വേഗത്തിലാക്കാനാണ് ബി.ഡി.ഒക്ക് അധിക ചുമതല നൽകിയെന്ന് വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ, ഇത് സ്വാഭാവിക നടപടി മാത്രമാണെന്ന് അധികൃതർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.