പ്രതിഷേധം ഇല്ലാതാക്കാൻ ലക്ഷദ്വീപിൽ ഇൻറർനെറ്റ് വേഗം കുറച്ചു
text_fieldsകൊച്ചി: അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ ഇൻറർനെറ്റ് വേഗം കുറഞ്ഞത് ആശങ്കയാകുന്നു. അഭിപ്രായങ്ങൾക്ക് കൂച്ചുവിലങ്ങിടാനും ജനവിരുദ്ധ നയങ്ങളുടെ കരടിൽ ആർക്കും വിയോജിപ്പില്ലെന്ന് വരുത്തിത്തീർക്കാനും അധികൃതർ ബോധപൂർവം വേഗം കുറച്ചതാണെന്നാണ് ആരോപണം.
ലോക്ഡൗൺ സാഹചര്യത്തിൽ പ്രതിഷേധം നടക്കുന്നത് പ്രധാനമായും സമൂഹ മാധ്യമങ്ങളിലൂടെയാണ്. വൻകരയിലുള്ളവരോടും മാധ്യമങ്ങളോടും സംവദിക്കാനും ഇതോടെ ദ്വീപുവാസികൾ ബുദ്ധിമുട്ട് നേരിടുകയാണ്. വാട്സ്ആപ്പ് സന്ദേശം അയക്കുന്നതിനുപോലും വലിയ തടസ്സമാണ് പല ദ്വീപിലും ഇപ്പോഴുള്ളത്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ചുമതലയേറ്റെടുത്ത ശേഷം പുറത്തിറക്കിയ കരടുനിയമങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം നിശ്ചിത ദിവസത്തിനുള്ളിൽ അറിയിക്കേണ്ടത് ഇ-മെയിൽ മുഖാന്തരമാണ്. എന്നാൽ, ഇൻറർനെറ്റ് തടസ്സപ്പെടുന്നതോടെ ഇതിന് സാധിക്കുന്നില്ല. മാത്രമല്ല, ഗുരുതര രോഗബാധിതർക്ക് എയർ ആംബുലൻസ് ലഭിക്കാനുള്ള അധികൃതരുടെ അനുമതി പ്രധാന ഓഫിസുകളിൽനിന്ന് ലഭിക്കുന്നതും വൈകുകയാണ്.
അധ്യയനം തുടങ്ങുന്നതിനാൽ അധ്യാപകരോട് ജൂൺ ഏഴിനുമുമ്പ് ജോലി ചെയ്യുന്ന ദ്വീപുകളിലെ ആസ്ഥാനത്ത് റിപ്പോർട്ട് െചയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. കപ്പലിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുക്കേണ്ടത് ഓൺലൈൻ മുഖാന്തരമായതിനാൽ അധ്യാപകരും യാത്ര മുടങ്ങുമോ എന്ന ഭയത്തിലാണ്. ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്ന സാഹചര്യത്തിൽ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ അത് ജോലിയെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ഓൺലൈൻ ക്ലാസ് തുടങ്ങുമ്പോൾ വിദ്യാർഥികളുടെ പഠനം ഇതുമൂലം തകരാറിലാകുമെന്നും ദ്വീപുവാസികൾ ചൂണ്ടിക്കാട്ടുന്നു. ബി.എസ്.എൻ.എൽ ആണ് ലക്ഷദ്വീപിലെ പ്രധാന സേവനദാതാവ്. പ്രധാനപ്പെട്ട ദ്വീപുകളിൽ ഫോർ ജി സേവനമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് ലഭ്യമാകുന്നില്ലെന്ന് ജനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.