ലക്ഷദ്വീപ് ഓർക്കുന്നു; താമസിച്ചത് കടപ്പുറത്തെ താൽക്കാലിക പാർപ്പിടത്തിൽ; സഞ്ചാരം സൈക്കിളിൽ
text_fieldsകൊച്ചി: ലാളിത്യത്തിന്റെ പ്രതീകമായ ഉമ്മൻ ചാണ്ടിയെക്കുറിച്ച് ലക്ഷദ്വീപ് ജനതക്ക് നിറയെ ഓർമകൾ. കടപ്പുറത്തെ താൽക്കാലിക പാർപ്പിടത്തിൽ താമസിച്ചതും സഞ്ചരിക്കാൻ സൈക്കിൾ തെരഞ്ഞെടുത്തതുമൊക്കെ ഉമ്മൻ ചാണ്ടിയെന്ന നേതാവിനെക്കുറിച്ചുള്ള ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു.
ലക്ഷദ്വീപിൽനിന്നുള്ള മുൻ കേന്ദ്രമന്ത്രി പി.എം. സഈദുമായി അടുത്ത ബന്ധമായിരുന്നു. 1999ൽ അമിനി ദ്വീപിൽ കോൺഗ്രസ് സമ്മേളനം നടന്നപ്പോൾ മൂന്ന് ദിവസത്തേക്കെത്തിയ ഉമ്മൻ ചാണ്ടിക്ക് കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ചുമതലപ്പെടുത്തിയത് കവരത്തി സ്വദേശി ഖുറൈശിയെ ആയിരുന്നു.
ദ്വീപിൽ സഞ്ചരിക്കാൻ മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്നും സൈക്കിൾ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്നെയും കൂടെക്കൂട്ടി സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം അമിനിയിലൂടെ സഞ്ചരിച്ചതെന്ന് ഖുറൈശി ‘മാധ്യമ’ത്തോട് പറഞ്ഞു. അമിനി ദ്വീപിൽ താമസസൗകര്യം വളരെ കുറവുള്ള സമയത്താണ് ഉമ്മൻ ചാണ്ടി എത്തിയത്. അതിനിടയിലും സർക്കാർ ബംഗ്ലാവും നല്ല വീടുകളും ദ്വീപിലെത്തുന്ന നേതാക്കൾക്കായി കോൺഗ്രസ് നേതൃത്വം ഒരുക്കിയിരുന്നു.
എന്നാൽ, അതെല്ലാം വേണ്ടെന്നുവെച്ച് കടപ്പുറത്തെ താൽക്കാലിക പാർപ്പിടത്തിൽ താമസിക്കാനാണ് ഉമ്മൻ ചാണ്ടി ഇഷ്ടപ്പെട്ടതെന്ന് ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ യു.സി.കെ. തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.