ലക്ഷദ്വീപ്; പ്രഫുൽ പട്ടേലിനെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാളെ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തും
text_fieldsതിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി സംഘ്പരിവാർ സർക്കാർ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ആയിരത്തിൽപ്പരം കേന്ദ്രങ്ങളിൽ ബുധനാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ഹിന്ദുത്വ ഭരണകൂടം ലക്ഷ്യം വെക്കുന്ന കാവിവൽക്കരണത്തിന്‍റെ നടത്തിപ്പുകാരനാണ് പ്രഫുൽ പട്ടേൽ.
സ്വസ്ഥമായ ജീവിതം നയിച്ചുവരുന്ന ദ്വീപിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ദ്വീപ് ജനത കാത്തുസൂക്ഷിച്ച കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും ടീമും ലക്ഷദ്വീപില്‍ കാലുകുത്തിയത്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുമാറ്റി. സ്കൂളുകളിലെ ഉച്ചഭക്ഷണ സംവിധാനം നിർത്തലാക്കിയും അംഗൻവാടികൾ അടച്ചുപൂട്ടിയും ടൂറിസത്തിന്‍റെ മറവിൽ മദ്യശാലകൾ സുലഭമായി തുറന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.
മാംസാഹാരം നിരോധിച്ചും ജില്ലാ പഞ്ചായത്ത് അധികാരം റദ്ദ് ചെയ്തും ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ ദ്വീപിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ മാധ്യമ പ്രവർത്തനങ്ങൾക്ക് പോലും വിലക്കുകൾ ഏർപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ദ്വീപിലെ ആദ്യത്തെ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. സംഘ്പരിവാർ ഭീകരതക്കെതിരെ പോരാടുന്ന ദ്വീപിലെ ജനാധിപത്യ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധ സംഗമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.