പരിചരിക്കാനാളില്ല; ആദിവാസി കോളനിയിൽ സങ്കടക്കാഴ്ചയായി ലക്ഷ്മി
text_fieldsകരുവാരകുണ്ട്: വീട്ടിക്കുന്ന് നെല്ലിക്കലടി പട്ടികവർഗ കോളനിയിലെ ദയനീയ കാഴ്ചയാവുകയാണ് ലക്ഷ്മി എന്ന 50 കാരി. വെയി ലിനെയും മഴയെയും തടയാൻ ത്രാണിയില്ലാത്ത, ദ്രവിച്ചുവീഴാറായ ചെറ്റപ്പുരയിലെ മൺതറയിലിരുന്ന് ആരോടെന്നില്ലാതെ വാതോ രാതെ സംസാരിക്കുകയാണ് മാനസികവിഭ്രാന്തിയുള്ള ഇവർ. ഇതേ കോളനിയിലെ ചാത്തൻ-സരോജിനി ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ ര ണ്ടാമത്തവളാണ്.
പാലക്കാട് ജില്ലയിലെ അമ്പലപ്പാറ കോളനിയിലേക്കാണ് ഇവരെ വിവാഹം ചെയ്തയച്ചത്. രണ്ടു മക്കളുണ്ട്. രണ്ടുവർഷം മുമ്പ് മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ഇവിടെയെത്തിയതാണ്. സ്വന്തമായുണ്ടാക്കിയ കൂരയിലാണ് താമസം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതും ഉറങ്ങുന്നതും ഈ കൂരയിലാണ്. മാറ്റിയുടുക്കാൻ രണ്ടാമതൊരു വസ്ത്രമില്ല. അമ്മ സരോജിനി എത്തിക്കുന്ന ഭക്ഷണം കഴിക്കും. ചിലപ്പോൾ മണ്ണും ഭക്ഷിക്കാറുണ്ടെന്ന് അമ്മ പറയുന്നു. ഉണക്കക്കമ്പുകൊണ്ട് തറയിൽ കുഴിയെടുത്തും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിച്ചുമാണ് സമയം തീർക്കുന്നത്.
സഹോദരി അംബികക്കും മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. ഇവരെ പാണ്ടിക്കാട് സൽവ കെയർ ഹോമിലാക്കി. ലക്ഷ്മിയെ കുതിരവട്ടത്ത് കൊണ്ടുപോയി ചികിത്സ നടത്തിയിരുന്നെങ്കിലും തുടരാനായില്ല. അസുഖം കാരണം ഭർത്താവോ മക്കളോ വരാറില്ല. 80 പിന്നിട്ട ചാത്തനും ഭാര്യക്കും ജോലിക്ക് പോകാനുള്ള ശേഷിയില്ല. രണ്ടാമത്തെ മകൾക്കുകൂടി അസുഖം വന്നതോടെ, വെള്ളവും വെളിച്ചവുമില്ലാത്ത, ആനകളുടെ വിഹാരകേന്ദ്രമായ കോളനിയിലെ മറപോലുമില്ലാത്ത ചാളയിൽ മകളെ വിധിക്ക് വിട്ടുനൽകി കഴിയുകയാണ് ഈ മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.