അട്ടപ്പാടിയിൽ വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറ്റം: റിപ്പോർട്ട് വൈകുന്നുവെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറുന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വൈകുന്നുവെന്ന് ആക്ഷേപം. 2022 സെപ്റ്റംബർ ആറിനാണ് ലാൻഡ് റനവ്യൂ കമീഷണറുടെ കാര്യാലയത്തിലേക്ക് സർക്കാർ കത്ത് നൽകിയത്. ആദിവാസി ഭൂമി തട്ടിയെടുക്കുന്നത് സംബന്ധിച്ച പരാതിയിൽ ത്വരിത പരിശോധന നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകിയെങ്കിലും നാലുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
വ്യാജരേഖകൾ ഉണ്ടാക്കി അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ ഭൂമി തട്ടിയെടുക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നുവെന്ന പരാതി സർക്കാർ ഗൗരവമായിട്ടാണ് എടുത്തത്. അതിനാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ മന്ത്രി കെ. രാജനാണ് നിർദേശം നൽകിയത്.
അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ ഭൂമി തട്ടിയെടുക്കുന്ന ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണം നടത്തി വിശദമായി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ ഭൂമിയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് കെ.കെ. രമ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയവുമായി ബന്ധപ്പെട്ടാണ് മന്ത്രി നിർദേശം നൽകിയത്. വ്യാജ നികുതി രസീത് കോടതിയിൽ ഹാജരാക്കി ഭൂമി തട്ടിയെടുത്ത് കൈവശപ്പെടുത്തിയെന്നും അതിനാൽ ഒറ്റപ്പാലം സബ് കലക്ടറുടെ 2020 ഫെബ്രുവരി രണ്ടിലെ ഉത്തരവ് റദ്ദാക്കണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മധ്യമേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാനും ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തിലെ ജൂനിയർ സൂപ്രണ്ടുമാരായ ആർ.എസ്. സജി, വില്ലി ലോയ് എന്നിവരെ സംഘത്തിനൊപ്പം നിയോഗിക്കുന്നതിനും അസിസ്റ്റൻറ് കമീഷണർ നിർദേശിച്ചു.
സംഘത്തിന്‍റെ പരിശോധന 2022 സെപ്റ്റംബർ 23, 24 തീയതികളിൽ നിശ്ചയിച്ചിരുന്നുവെങ്കിലും ഹർത്താൽ ആയതിനാലും വാഹന സൗകര്യം ലഭ്യമല്ലാത്തതിനാലും പരിശോധന മാറ്റിവെച്ചു. പിന്നീട് ഒക്ടോബർ 25, 26, 27 തീയതികളിലായി അട്ടപ്പാടിയിൽ പരിശോധന നടത്തി. രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് ലാൻഡ് റവന്യൂ കമീഷണർ നിർദേശിച്ചുവെങ്കിലും പരിശോധന നടത്തി രണ്ടുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നത് കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് ആദിവാസികളുടെ സംശയം ബലപ്പെടുത്തുകയാണ്. പല ടി.എൽ.എ കേസുകളിലും കലക്ടർ നൽകിയ ഉത്തരവുകളെ മറികടന്നാണ് നഞ്ചിയമ്മയുടെ ഭൂമി വ്യാജരേഖ നിർമിച്ച് കൈയേറിയ ജോസഫ് കുര്യന് ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് നൽകാൻ അട്ടപ്പാടി തഹസിൽദാർ അഗളി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.