Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനരധിവാസത്തിന് ഭൂമി...

പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കൽ: കോടതി പറഞ്ഞ ബോണ്ടിന് ആര് സെക്യൂരിറ്റി നൽകും?

text_fields
bookmark_border
പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കൽ: കോടതി പറഞ്ഞ ബോണ്ടിന് ആര് സെക്യൂരിറ്റി നൽകും?
cancel

കോഴിക്കോട്: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിന് തോട്ടം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിൽ സർക്കാർ നൽകുന്ന തുകക്ക് ബോണ്ട് നൽകണമെന്നാണ് ഹൈകോടതി ആവശ്യപ്പെടത്. ഭൂമിയുടെ ടൈറ്റിൽ സംബന്ധിച്ച് സർക്കാർ സിവിൽ കോടതിയിൽ കേസ് നൽകിയിട്ടുള്ളതിനാലാണ് ഹൈകോടതി ഇത്തരമൊരു നിർദേശം നൽകിയത്.

എന്നാൽ, ഹൈകോടതി പറഞ്ഞ ഈ ബോണ്ടിന് ആര് സെക്യൂരിറ്റി നൽകുമെന്നാണ് നിയമ വിദഗ്ധർ ചോദിക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കാൽ നിയമപ്രകാരം ഭൂമിക്ക് കമ്പോള വിലയുടെ മൂന്നിരട്ടി പൊന്നുംവില നൽകേണ്ടിവരും. ഈ തുക നിലവിൽ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് കൈമാറണം. വർഷങ്ങൾക്ക് ശേഷം സിവിൽ കോടതിയിലെ കേസിൽ സർക്കാരിന് അനുകൂല ഉത്തരവ് ഉണ്ടായാൽ നിലവിൽ തുക കൈപ്പറ്റുന്നവർ പാപ്പരായാൽ ആര് തുക മടക്കി നൽകുമെന്നാണ് നിയമ വിദഗ്ധർ ചോദിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് കോടതി ഉത്തരവിൽ വ്യക്തതയില്ല.

പുനരധിവാസം കീറാമുട്ടിയായപ്പോൾ സർക്കാറിനെ മുൾമുനയിൽ നിർത്തിയാണ് തോട്ടം ഉടമകൾ അനുകൂലമായി ഉത്തരവ് നേടിയെടുത്തത്. പുനരധിവാസം നീണ്ടുപോയാൽ സർക്കാറിനെതിരായ ജനവികാരം ശക്തിപ്പെടുമെന്ന് കരുതി റവന്യൂ മന്ത്രി കീഴടങ്ങിയെന്നാണ് ആക്ഷേപം. സർക്കാരിന്റെ ഈ കീഴടങ്ങലിന് കേരളം നൽകേണ്ട വില നിശ്ചയിക്കാനാവില്ല. ഏതാണ്ട് മൂന്നര ലക്ഷം ഏക്കർ തോട്ടം ഭൂമിക്ക് മേലുള്ള സർക്കാരിന്റെ ഉടമാവകാശം റദ്ദു ചെയ്യാൻ ഈ ഉത്തരവ് ഉപയോഗിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നാളെ സിവിൽ കോടതിയിൽ തോട്ടം ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നവർ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവായിരിക്കും ചൂണ്ടിക്കാണിക്കുക.

തോട്ടം ഉടമകൾക്ക് ഉടമസ്ഥാവകാശം ഉണ്ടെന്നാണ് ഹൈകോടതിയുടെ വിവാദ പരാമർശം. അതിന് പുതിയ തെളിവായി കോടതി ചൂണ്ടിക്കാണിച്ച രേഖകളിലൊന്ന് 2024 സെപ്തംബർ 11ന് വയനാട് കലക്ടർ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന് നൽകിയ കത്താണ്. അതിൽ പറയുന്നത് പ്രകാരം ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ) നേതൃത്വത്തിൽ ഹസാർഡ് സൊണേഷൻ മാപ്പിൻറെ സഹായത്തോടെ 25 സ്ഥലങ്ങളുടെ പ്രാഥമിക പട്ടിക തയാറാക്കി.

പിന്നീട് മറ്റ് ഘടകങ്ങൾ കൂടി പരിശോധിച്ച് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ എട്ട് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കി. കെ.എസ്.ഡി.എം.എ നിയോഗിച്ച നാഷണൽ സെൻറർ ഫോർ എർത്ത് സ്റ്റഡീസിലെ ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി വിദഗ്ധ സംഘം ഫീൾഡ് പരിശോധന നടത്തി. ഈ സ്ഥലങ്ങളുടെ അനുയോജ്യത വിലയിരുത്തുകയും ഭൗതിക പരിശോധനക്ക് ശേഷം അഞ്ച് സ്ഥലങ്ങൾ പുനരധിവസത്തിനു ഉചിതമാണെന്നു ശിപാർശ ചെയ്തു.

ജില്ലയിലെ സർവേ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സർവേ ഡയറക്ടർ നിർദേശിച്ച ഹാരിസൺസിന്റെ കൈവശമുള്ള വെള്ളരിമല വില്ലേജിലെ മൂന്നു സ്ഥലങ്ങളും ഇതിനു പുറമെ ജില്ലാ ഭരണകൂടം കണ്ടെത്തിയ നാല് സ്ഥലങ്ങളും ജില്ലാതല വിദഗ്‌ധ സംഘങ്ങൾ പരിശോധിച്ചു. പുനരധിവാസത്തിനു അനുയോജ്യമാണെന്ന് അവർ ശിപാർശ ചെയ്യ നാല് സ്ഥലങ്ങളും കൂടി ഉൾപ്പെടുത്തി ഒമ്പത് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കി.

കോട്ടനാട് എസ്റ്റേറ്റ് ( കോട്ടപ്പടി വില്ലേജ്), താഴെ അരപ്പറ്റ എസ്റ്റേറ്റ് ( മൂപ്പൈനാട് വില്ലേജ്), ചൂണ്ടേൽ എസ്റ്റേറ്റ് (ചുണ്ടേൽ ), ആനപ്പാറ എസ്റ്റേറ്റ് ( ചുണ്ടേൽ), നെടുമ്പാല എസ്റ്റേറ്റ് (കോട്ടപ്പടി), വെള്ളരിമല എസ്റ്റേറ്റ് (വെള്ളരിമല), എൽസ്റ്റൺ എസ്റ്റേറ്റ് ( കൽപ്പറ്റ ), എൽസ്റ്റൺ എസ്റ്റേറ്റ് - ഓടത്തോട് ( കൽപ്പറ്റ ), എൽസ്റ്റൺ എസ്റ്റേറ്റ് - പൂത്തക്കൊല്ലി ( കോട്ടപ്പടി) എന്നിവയായിരുന്നു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്പെഷൽ ഓഫിസർ, ലാൻഡ് റവന്യൂ കമീഷണർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് സർക്കാരിൽ നിന്നും വാക്കാൽ ലഭ്യമായ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉചിതമാണെന്ന് അറിയിച്ചിട്ടുള്ള രണ്ട് സ്ഥലങ്ങൾ തെരഞ്ഞെടുത്തത്.

കോട്ടപ്പടി വില്ലേജിലെ ബ്ലോക്ക് 28, റീസർവേ 366 ലെ നെടുമ്പാല എസ്റ്റേറ്റിന്റെ 41.27 ഹെക്ടറാണ് അനുയോജ്യമായ സ്ഥലം. 550 കുടുംബങ്ങൾക്ക് 10 സെന്റ് വീതം നൽകാനാണ് ഉദേശിച്ചത്. ഇത് തോയിലത്തോട്ടമാണ്. ഇവിടെ 109 ജോലിക്കാരും 27 പാടികളും 23 വീടുകളുമുണ്ട്. ആകെ താമസിക്കുന്നവർ 142 കുടുംബങ്ങളാണ്. 45,870 തേയില ചെടികളുണ്ട്. ഹരിസൺസ് കമ്പനിയാണ് ഈ ഭൂമിയുടെ നിലവിലെ കൈവശക്കാരൻ.

കൽപ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പർ 19, റീസർവേ നം. 88/1 ലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 45.74 ഹെക്ടറിൽ 660 കുടുംബങ്ങൾക്ക് (ഒരു കുടും ബത്തിന് 10 സെന്റ്റ് വെച്ച്) നൽകാം. ഈ സ്ഥലവും തേയിലതോട്ടമാണ്. ഇവിടെ 68 ജോലിക്കാരും 10 പാടികളും 110 വീടുകളുമുണ്ട്. ആകെ താമസിക്കുന്നവർ 132 ആണ്. 50840 തേയില ചെടികളുണ്ട്. മുഹമ്മദ് ഷെരിഫും മൂന്ന് പേരുമാണ് ഈ ഭൂമിയുടെ നിലവിലെ കൈവശക്കാർ. വയനാട് കലക്ടറുടെ ഈ കത്തിൽ ഈ ഭൂമിയിന്മേൽ കൈവശക്കാർക്ക് ടൈറ്റിൽ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല.

സർക്കാർ നിയോഗിച്ച റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ മുതൽ സ്പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യം വരെയുള്ള ഉന്നതതല അന്വേഷണങ്ങളിൽ തോട്ടം ഭൂമി ഹാരിസൺസ് അടക്കമുള്ളവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തിയത്. 1947 ന് മുമ്പ് കേരള രാജക്കന്മാരും മറ്റും പാട്ടത്തിന് നൽകിയ ഭൂമിയാണ് ബ്രിട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്നത്. ഈ ഭൂമിയുടെ ടൈറ്റിൽ സർക്കാരിനാണ്. ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും പാട്ടത്തിന് നൽകിയ ഭൂമിയിന്മേൽ പാട്ടക്കാരന് ടൈറ്റിൽ ഇല്ല. ഇവർ കൈമാറ്റം ചെയ്യുന്നത് പാട്ടം മാത്രമാണ്. ദുരന്തനിവാരണത്തിന്റെയും പുനരധിവാസത്തിന്റെ പേരിലാണ് പുതിയ തട്ടിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:court orderrehabilitationLand acquisitionWayanad Rehabilitation
News Summary - Land acquisition for rehabilitation: Who will provide the security for the court-ordered bond?
Next Story