മലാപ്പറമ്പ് - പുതുപ്പാടി ദേശീയപാതാ വികസനം: ഭൂമിയേറ്റെടുക്കാൻ കേന്ദ്രം 454.01 കോടി രൂപ അനുവദിച്ചു
text_fieldsതിരുവനന്തപുരം: ദേശീയ പാത 766 ഇൽ മലാപ്പറമ്പ് - പുതുപ്പാടി റീച്ചിലെ പാത വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 454.01 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സമര്‍പ്പിച്ച പദ്ധതി പരിഗണിച്ചാണ് സാമ്പത്തിക അനുമതി. ദേശീയ പാത 766 ഇൽ ഈ റീചിൽ 35 കിലോ മീറ്റർ നവീകരിക്കുന്നതിനുള്ള പദ്ധതി നിർദേശമാണ് സമർപ്പിച്ചിരുന്നത്.
പേവ്ഡ് ഷോള്‍ഡറോട് കൂടിയ രണ്ട് വരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള സാമ്പത്തികാനുമതിയാണ് ലഭ്യമായിരിക്കുന്നത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മ്മിക്കുന്നതിനുള്ള ആവശ്യവും പരിഗണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ പാത 766ന്റെ വികസനം പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിന് ഭൂമി ഏറ്റെടുക്കൽ തുക അനുവദിച്ചതോടെ പദ്ധതി പൂർണ രൂപത്തിൽ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാൻ ആകും.
നവീകരണം സമയബന്ധിതമായി സാധ്യമാക്കാനുള്ള എല്ലാ ഇടപെടലും പൊതുമരാമത്ത് വകുപ്പ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് കൊണ്ട് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ ഉള്ള പ്രവർത്തനങ്ങൾ നടത്തും. ഒന്നാം റീചിൽ വനഭൂമി വിട്ടു കിട്ടുന്നതിന് വനം വകുപ്പുമായി ചേർന്ന് പ്രത്യേക ഇടപെടൽ നടത്തും. പാത നവീകരണം കോഴിക്കോട്, വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിന് ഗുണകരമാകും. കാർഷിക മേഖലയുടെ ടൂറിസം മേഖലയുടെയും വികസനത്തിന് നവീകരണം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.