ഭൂമിയേറ്റെടുക്കൽ: പ്രതിഷേധം തണുപ്പിക്കാൻ പ്രചാരണ വിഡിയോകളുമായി കെ-റെയിൽ
text_fieldsതിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരെ ഉയരുന്ന വ്യാപകപ്രതിഷേധം തണുപ്പിക്കാൻ നഷ്ടപരിഹാര കാര്യത്തിലെ പ്രചാരണ വീഡിയോയുമായി കെ-റെയിലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ. ദേശീയ പാതക്ക് സ്ഥലം വിട്ടുനല്‍കിയവരെ ഉൾപ്പെടുത്തിയാണ് വിഡിയോകൾ തയാറാക്കിയത്. ഭൂമി വിട്ടുനൽകുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം കിട്ടുമെന്ന പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളും സമരസമിതികളും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
'വികസനത്തിന് ഭൂമി വിട്ടുകൊടുത്തപ്പോൾ പ്രതീക്ഷിച്ചതിലേറെ നഷ്ടപരിഹാരം', 'മുറ്റത്തെ ഇന്റർലോക്കിനും മരങ്ങൾക്കും പണം കിട്ടി', 'വികസനം വന്ന് നാട് നന്നായാൽ നമ്മളും നന്നാവും'എന്നീ തല വാചകങ്ങളിൽ മൂന്ന് വിഡിയോകളാണ് കെ-റെയിലിന്റെ ഫേസ്ബുക്ക് പേജിലുള്ളത്. അതേസമയം, പ്രചാരണ വിഡിയോകൾക്ക് താഴെ പ്രതിഷേധമറിയിച്ചുള്ള കമന്റുകൾ നിറയുകയാണ്.
ദേശീയപാതക്ക് കേന്ദ്ര സർക്കാറിെൻറ കൂടി പങ്കാളിത്തത്തോടെയാണ് നഷ്ടപരിഹാരമെന്നും ഇതു സംസ്ഥാന സർക്കാറാണ് സിൽവർ ലൈനിന് നഷ്ടപരിഹാരം നൽകേണ്ടതെന്നും കമന്റുകളിലുണ്ട്. സിൽവർലൈനിനെയും ദേശീയപാതയെയും താരതമ്യം ചെയ്യുന്നതിനെതിരെയുള്ള പ്രതികരണങ്ങളും ഏറെയാണ്.
സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ വില ഡി.പി.ആറിൽ കുറച്ചാണ് കാണിച്ചിരിക്കുന്നതെന്ന് നേരത്തേ നിതി ആയോഗ് ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയ പാതക്കായുള്ള സ്ഥലമേറ്റെടുപ്പിൽ ഒരു ഹെക്ടറിന് 18 കോടിയാണ് ചെലവ്. സിൽവർ ലൈനിന് ഒമ്പത് കോടിയും.
എന്നാൽ, സിൽവർലൈനിന് ഭൂമിയേറ്റെടുക്കാൻ ഉദ്ദേശിക്കുന്നത് ദേശീയപാതയിൽനിന്ന് ഏറെമാറി ഉള്ളിലേക്കുള്ള ജനവാസം കുറഞ്ഞമേഖലകളിലാണെന്നും അതുകൊണ്ടാണ് ദേശീയപാതക്കുള്ള ഭൂമിയെ അപേക്ഷിച്ച് സിൽവർ ലൈനിന് നിരക്ക് കുറയാൻ കാരണമെന്നുമാണ് കെ-റെയിലിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.