കെ-റെയിലിന് ഭൂമി ഏറ്റെടുക്കൽ: സംസ്ഥാന സർക്കാർ ഉത്തരവ് ശരിവെച്ച് ഹൈകോടതി
text_fieldsകൊച്ചി: കെ-റെയിൽ പദ്ധതിക്ക് 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈകോടതി ശരിവെച്ചു. പ്രത്യേക റെയിൽവേ പദ്ധതിയായതിനാൽ സിൽവർ ലൈനിന് വേണ്ടി സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാറിനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി എം.വി. ചാക്കോച്ചൻ ഉൾപ്പെടെ ഏഴുപേർ നൽകിയ ഹരജികൾ തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. കേന്ദ്രത്തിന് വിജ്ഞാപനാധികാരം നൽകുന്ന പ്രത്യേക റെയിൽവേ പദ്ധതിയല്ല ഇതെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 11 ജില്ലയിലൂടെ കടന്നുപോകുന്ന 532 കി.മീ. ദൂരമുള്ള സെമി ഹൈ സ്പീഡ് റെയിൽവേ ലൈനിന് വേണ്ടി 955.13 ഹെക്ടർ ഏറ്റെടുക്കാൻ അനുമതി നൽകി 2021 ആഗസ്റ്റ് 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഹരജികൾ. റെയിൽവേ പദ്ധതികൾക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനാവില്ലെന്നും 1989ലെ റെയിൽവേ നിയമമാണ് ബാധകമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, സിൽവർ ലൈൻ പ്രത്യേക റെയിൽവേ പദ്ധതിയല്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. കേന്ദ്രസർക്കാറും റെയിൽവേ മന്ത്രാലയവും ഇതിന്റെ നിക്ഷേപപൂർവ നടപടികൾക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയതായും അറിയിച്ചു.
അടിസ്ഥാനസൗകര്യ വികസനം, വ്യവസായവത്കരണം തുടങ്ങിയവക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം ബാധകമാക്കാനാവുമെന്നും അടിസ്ഥാനസൗകര്യ വികസനത്തിൽ റെയിൽപാത, തുരങ്കം, പാലം തുടങ്ങിയവയുടെ നിർമാണം ഉൾപ്പെടുമെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി. സർക്കാർ, സർക്കാറിതരം എന്നിങ്ങനെ റെയിൽവേ പദ്ധതികൾ രണ്ടുവിധമുണ്ട്. കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ആദ്യത്തേത്. എന്നാൽ, സിൽവർ ലൈൻ എന്ന സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ ഇതിന്റെ പരിധിയിൽ വരുന്നതല്ല.
റെയിൽവേക്ക് സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനം നടത്താൻ കേന്ദ്രസർക്കാറിന് 2008 വരെ അധികാരമുണ്ടായിരുന്നില്ല. 2008ൽ റെയിൽവേ ആക്ടിൽ ഭേദഗതി കൊണ്ടുവന്നാണ് പ്രത്യേക റെയിൽവേ പ്രോജക്ടുകൾക്ക് വിജ്ഞാപനമിറക്കാനുള്ള അധികാരം കേന്ദ്രത്തിന് നൽകിയത്.
എന്നാൽ, സിൽവർ ലൈൻ പ്രത്യേക റെയിൽവേ പദ്ധതിയാക്കി പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ റെയിൽവേ ആക്ട് പ്രകാരമുള്ള കേന്ദ്ര അധികാരം ബാധകമാകില്ല. പദ്ധതിക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടിക്ക് തടസ്സമില്ല. അതിനാൽ, സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജികൾ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.