ഭൂവിനിയോഗ ഭേദഗതി നടക്കില്ല; പട്ടയഭൂമിയിൽ കൃഷിയും വീടും മാത്രം
text_fieldsതൊടുപുഴ: വാണിജ്യ ആവശ്യങ്ങൾക്കുകൂടി പട്ടയഭൂമി ഉപയോഗിക്കാൻ കഴിയുംവിധം 1964 ലെ കേരള ഭൂപതിവ്ചട്ടം ഭേദഗതി ചെയ്യുന്നത് സർക്കാർ മരവിപ്പിച്ചു. ഭൂമി പതിച്ചുനൽകിയത് എന്ത് ആവശ്യത്തിനെന്ന് വ്യക്തമായി രേഖപ്പെടുത്തി മാത്രമേ കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവൂ എന്ന നിലവിലെ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഇതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ല കലക്ടർമാരോട് നിർദേശിച്ചു.
1964 ലെ ഭൂപതിവ് ചട്ടപ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. ഇൗ നിയമം കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് ഇറക്കിയ 2019 ആഗസ്റ്റ് 22ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിെൻറ പശ്ചാത്തലത്തിൽ വീടും കൃഷിയും ഒഴികെ നിർമിതികൾ മുഴുവൻ മുൾമുനയിലാകുകയായിരുന്നു. പട്ടയ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന് ഉറപ്പാക്കി റവന്യൂവകുപ്പിൽനിന്ന് നിരാക്ഷേപ പത്രം ലഭ്യമാക്കി മാത്രമേ ഇപ്പോൾ കൈവശഭൂമി ഉപയോഗം സാധ്യമാകൂ.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെത്തുടർന്ന് ഇടുക്കിയിൽ മാസങ്ങളായി തുടരുന്ന നിർമാണ സ്തംഭനം കണക്കിലെടുത്ത് സർവകക്ഷി ആവശ്യം പരിഗണിച്ചായിരുന്നു മുഖ്യമന്ത്രി ഇടപെട്ട് ചട്ടഭേദഗതി നീക്കം. സംസ്ഥാനത്ത് മറ്റൊരു ജില്ലക്കും ബാധകമാകാത്ത നിയമം ഇടുക്കിയിൽ അടിച്ചേൽപിക്കുന്നെന്ന ആരോപണവും കണക്കിലെടുത്തായിരുന്നു ഡിസംബർ 18ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഭേദഗതിക്ക് ധാരണ. ഇതിന് പിന്നാലെയാണ് ഇടുക്കിക്ക് മാത്രം ബാധകമാക്കിയ നിർമാണ നിയന്ത്രണം സംസ്ഥാനത്താകെ നടപ്പാക്കണമെന്ന് ജൂലൈ 29ന് ഹൈകോടതി ഉത്തരവിട്ടത്.
ഇതോടെ ചട്ടഭേദഗതി ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് GO(MS) 269/2019 നമ്പറായി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലെ നിബന്ധന കൂടുതൽ കർശനമാക്കിയും കോടതി നിർദേശം ചൂണ്ടിക്കാട്ടിയും സർക്കുലർ പുറപ്പെടുവിച്ചത്. 1964ലെ ചട്ടമനുസരിച്ച് പതിച്ചുനൽകിയ ഭൂമിയിൽ സംസ്ഥാനത്തുടനീളം വാണിജ്യ സ്ഥാപനങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുത്താൽ ആയിരക്കണക്കിന് പട്ടയങ്ങള് റദ്ദാക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.