ഭൂ നിയമം: ഹൈകോടതി വിധിയും ലാൻഡ് ബോർഡ് അട്ടിമറിച്ചു
text_fieldsകോഴിക്കോട്: ഭൂപരിഷ്കണ നിയമം സംബന്ധിച്ച ഹൈകോടതി വിധിയും സംസ്ഥാന ലാൻഡ് ബോർഡ് പുതിയ സർക്കുലറിലൂടെ അട്ടിമറിച്ചുവെന്ന് രേഖകൾ. ഇടുക്കി ഏലപ്പാറ സ്വദേശികളായ ആർ.വി ദേവസ്യ, ആർ.വി. ആന്റണി എന്നിവർ നൽകിയ ഹരജിയിൽ 2015 ഫെബ്രുവരി 14ന് ജഡ്ജി എ. മുഹമ്മദ് മുഷ്താഖിന്റെ വിധിയാണ് ലാൻഡ് ബോർഡ് ലംഘിച്ചത്. ഹൈകോടതിയുടെ മറ്റ് രണ്ട് ഡിവിഷൻ ബഞ്ച് ഉത്തരവുകൾ ഉദ്ധരിച്ചാണ് ജഡ്ജി എ.മുഹമ്മദ് മുഷ്താഖ് ഈകേസിൽ വിധി പറഞ്ഞത്.
തരം മാറ്റിയ ഭൂമി വിൽക്കാൻ പാടില്ലെന്ന നിയമത്തിലെ വ്യവസ്ഥ നിലനിൽക്കുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കിയിരുന്നു. തോട്ടം ഭൂമി തരം മാറ്റിയാൽ ഇളവ് ലഭിച്ച ആളിന്റെ പേരിലാണ് കേസെടുക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ഭൂ പരിഷ്കരണ നിയമത്തെ മാറ്റാനാകില്ലെന്നായിരുന്നു അന്നത്തെ വിധിയുടെ സാരം.
സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര നിയമനിർമാണമായിരുന്നു ഭൂപരിഷ്കരണം നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിലെ വകുപ്പ് 81 പ്രകാരം അനുവദിച്ച ഇളവ് പൊതുതാൽപ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. തോട്ടങ്ങൾക്ക് നിയമത്തിൽ ഇളവ് നൽകുന്നത് അത്തരം കാർഷിക പ്രവർത്തനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതിന്റെ പ്രവർത്തനവും നേട്ടങ്ങളും നിലനിർത്തുന്നതിന് സ്വാഭാവികമായും വലിയ തോതിൽ ഭൂമി ആവശ്യമാണ്. അതിനാൽ, ഭൂപരിധി വിസ്തീർണം നിർണയിക്കാൻ, ഇളവിനുള്ള യോഗ്യതയിൽ ഭൂമി കണക്കിലെടുക്കുന്നില്ല.
തോട്ടങ്ങൾ വാങ്ങുന്നതിന് മുമ്പോ ശേഷമോ ഭൂമി തരംമാറ്റിയതായി കണ്ടെത്തിയാൽ, അത് താലൂക്ക് ലാൻഡ് ബോർഡിന്റെയോ ബന്ധപ്പെട്ട അധികാരികളുടെയോ ശ്രദ്ധയിൽപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. അതിൽ നിയമപരമായി തുടർ നടപടിയും സ്വീകരിക്കാം. നിയമത്തിലെ വകുപ്പ് 83 പ്രകാരം സീലിങ് ഏരിയയിൽ കൂടുതലുള്ള ഭൂമി കൈവശം വെക്കാൻ ഒരു വ്യക്തിക്കും അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.
സ്‌പെഷ്യൽ ഗവ.പ്ലീഡർ സുശീല ആർ. ഭട്ടാണ് സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരായത്. കെ.എൽ.ആർ നിയമത്തിലെ വകുപ്പ് 87, 120 എ എന്നിവയെ പരാമർശിച്ച്, തോട്ടങ്ങൾക്ക് ഇളവ് നൽകിയതിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന തരത്തിൽ ഭൂമിയുടെ തുണ്ടു തുണ്ടാക്കലും തരംമാറ്റവും നടത്തിയാൽ അത് തടയുന്നതിനും ഉചിതമായ നടപടിയെടുക്കുന്നതിനും റവന്യൂ അധികാരികൾക്ക് മതിയായ അധികാരമുണ്ടെന്ന് വാദിച്ചു. അത് കോടതി അംഗീകരിച്ചു.
ഇളവ് നൽകിയ ഭൂമിക്ക് അതിന്റെ സ്വഭാവം നഷ്ടപ്പെട്ടാൽ, അത് നിയമത്തിലെ വകുപ്പ് 83 പ്രകാരം അംഗീകരിച്ച തീയതിക്ക് ശേഷം ഏറ്റെടുക്കുന്ന ഭൂമിയായി കണക്കാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വിഭാവനം ചെയ്തിട്ടുള്ള സംസ്ഥാനത്തെ മുഴുവൻ ഭൂസ്വത്തും സംസ്ഥാന നിയന്ത്രണത്തിന് വിധേയമാണ്. ഇളവ് നൽകിയ ഭൂമി ഉൾപ്പെടെ ഒരു തുണ്ട് ഭൂമിയും കെ.എൽ.ആർ നിയമത്തിന് പുറത്തല്ല.
ഭൂപരിധി പരിശോധനകൾ റവന്യൂ വകുപ്പിന്റെ തുടർ നടപടിയാണ്. നിയമത്തിന്റെ വകുപ്പ് 87 പ്രകാരം വിഭാവനം ചെയ്യുന്നതുപോലെ, ഏത് സാഹചര്യത്തിലും ഭൂപരിധി വീണ്ടും പരിശോധിക്കാവുന്നതാണ്. പരിധിയിൽ നിന്ന് ഇളവ് അനുവദിച്ചിരിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ഭൂമി ഉപയോഗിക്കാനാണ്. അതായത് ഭൂമിക്കുമേൽ ഇളവ് അനുവദിച്ചിരിക്കുന്നത് ചില വ്യവസ്ഥകളോടെയാണ്. ഭൂമിയുടെ തരംമാറ്റം വഴി ഇളവിനുള്ള യോഗ്യത ഇല്ലാതാകുന്ന നിമിഷം, പരിധിയിൽ നിന്നുള്ള സംരക്ഷണവും ഇല്ലാതാകുമെന്നും വിധിയിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ചൂണ്ടിക്കാട്ടി.
സംസ്ഥാന ലാൻഡ് ബോർഡിന്റെ ഇപ്പോഴത്തെ സർക്കുലർ പ്രകാരം തോട്ടം ഭൂമിക്കുമേൽ നിയമപരമായ നിയന്ത്രണങ്ങൾ ഇല്ലാതവും. നിയമത്തിന്റെ പരിധിയിൽ നിന്ന് തരംമാറ്റിയ ഭൂമി ഒഴിവാക്കുകയാണ് ലാൻഡ് ബോർഡ് സർക്കുലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.