നഷ്ടപരിഹാരം: റവന്യൂ രേഖകൾക്കൊപ്പം ഭൂമിയുടെ എല്ലാ വിവരങ്ങളും പരിഗണിക്കണം –ഹൈകോടതി
text_fieldsകൊച്ചി: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുേമ്പാൾ നഷ്ടപരിഹാരം നിശ്ചയിക്കാൻ റവന്യൂ രേഖകൾക്കുപുറമെ വസ്തുവുമായി ബന്ധപ്പെട്ട നിലവിലെ എല്ലാ വിവരങ്ങളും പരിഗണിക്കണമെന്ന് ഹൈകോടതി. ഭൂമിയുടെ സ്വഭാവം, നിജസ്ഥിതി, ഉപയോഗം, റോഡ്-പ്രവേശന സൗകര്യം എന്നിവയും നിലവിലെ വിപണിമൂല്യവും പരിഗണിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കരഭൂമിയാണെങ്കിലും റവന്യൂ രേഖകളിൽ ചതുപ്പുനിലമെന്ന് രേഖപ്പെടുത്തിയതിനാൽ ദേശീയപാത വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരത്തുക കുറയുന്നത് തടയണമെന്നാവശ്യപ്പെട്ട് കായംകുളം സ്വദേശി എം. അബൂബക്കർ, പത്തിയൂർ സ്വദേശി കെ.സി. ചന്ദ്രമോഹൻ തുടങ്ങിയവർ നൽകിയ ഹരജികളിലാണ് ഉത്തരവ്.
2008ൽ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വരുന്നതിന് മുമ്പുതന്നെ കരഭൂമിയാണെങ്കിലും അടിസ്ഥാന നികുതി രജിസ്റ്ററിൽ (ബി.ടി.ആർ) ചതുപ്പുനിലമെന്നാണ് രേഖപ്പെടുത്തിയതെന്ന് ഹരജിയിൽ പറയുന്നു. ദേശീയപാത അതോറിറ്റിയുടെ അന്തിമ വിജ്ഞാപനത്തിലും ചതുപ്പുനിലമെന്ന് ആവർത്തിക്കുന്നു. റവന്യൂ രേഖകളിലെ ഭൂമിയുടെ സ്വഭാവം വിലയിരുത്തിയാണ് നഷ്ടപരിഹാരം നൽകുന്നതെന്നാണ് ഭൂമി ഏറ്റെടുക്കൽ അതോറിറ്റിയുടെ ഉത്തരവ്. ഈ സാഹചര്യത്തിൽ തങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം കുറയുമെന്നും നടപടി തടയണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
റവന്യൂരേഖകളിൽ ഭൂമിയുടെ യഥാർഥ സ്വഭാവം ശരിയായ വിധം രേഖപ്പെടുത്താത്തത് സംസ്ഥാനമാകെ നേരിടുന്ന പ്രശ്നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഭൂമി ഏറ്റെടുക്കലിനുള്ള ആദ്യ വിജ്ഞാപന സമയത്തെ വിപണി വിലയടക്കം പരിഗണിച്ച് നഷ്ടപരിഹാരം നിർണയിക്കണമെന്ന് കോടതി ഉത്തരവിട്ടത്. വില നിർണയത്തിൽ പരാതിയുണ്ടെങ്കിൽ ഭൂമി ഏറ്റെടുക്കൽ അതോറിറ്റിയെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.