ഭൂമിയിടപാട്, കുർബാന തർക്കം; സഭ ആടിയുലഞ്ഞ ‘ആലഞ്ചേരിക്കാലം’
text_fieldsകൊച്ചി: ഒന്നിനുപിറകെ ഒന്നായി വിവാദങ്ങൾ. കേസ്, കോടതി, രാജിയാവശ്യം, പ്രതിഷേധങ്ങൾ... ഒടുവിൽ സ്ഥാനമൊഴിയൽ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സിറോ മലബാർ സഭ അധ്യക്ഷ പദവിയിലെ അവസാനകാലത്തെ ഇങ്ങനെ ചുരുക്കാം. 12 വർഷത്തെ ചുമതലക്കുശേഷം സഭാ മേജർ ആർച് ബിഷപ് സ്ഥാനത്തു നിന്ന് ആലഞ്ചേരി പടിയിറങ്ങുന്നത് എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടും കുർബാന തർക്കവുമുണ്ടാക്കിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇതിന്‍റെ ബാക്കിപത്രമെന്നോണം കടുത്ത സമ്മർദങ്ങൾക്കുമൊടുവിലാണ്.
2007 സെപ്റ്റംബർ 21ന് നടന്ന ഭൂമിയിടപാടാണ് പിന്നീട് വിവാദത്തിന് വഴിവെച്ചത്. സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന നിബന്ധനയിൽ സഭക്ക് അലക്സിയൻ ബ്രദേഴ്‌സ് ഇഷ്ടദാനം നൽകിയ കരുണാലയത്തിന്‍റെ ഒരേക്കർ ഭൂമി നിബന്ധന ലംഘിച്ച് മുറിച്ചുവിറ്റതിലൂടെ സഭക്ക് നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹരജിയിലാണ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതി നടപടി ആരംഭിച്ചത്. പിന്നീട് ഇത് ഹൈകോടതിയിലും സുപ്രീംകോടതിയിലും വരെ എത്തി. ആലഞ്ചേരി വിചാരണ നേരിടണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്കം വകുപ്പുകളാണ് കർദിനാളിനും മറ്റുമെതിരെ ചുമത്തിയത്. നിലവിൽ ഭൂമിയിടപാട് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ, ഭൂമിയിടപാട് അന്വേഷിക്കാൻ വത്തിക്കാൻ നിയോഗിച്ച സമിതിയും ആലഞ്ചേരിക്കെതിരെ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഭൂമിയിടപാടിൽ സഭക്ക് 19 കോടിയുടെ നഷ്ടമുണ്ടാക്കി എന്നതാണ് ആരോപണങ്ങളിൽ പ്രധാനം. ഇടപാട് വിവരങ്ങൾ പുറത്തുവന്നതോടെ സഭക്കുള്ളിലും പുറത്തും ആലഞ്ചേരിക്കെതിരെ നിരവധി വൈദികരും വിശ്വാസികളും അൽമായരും രംഗത്തെത്തി. ഇതിനിടെയാണ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ കുർബാന ഏകീകരണം നടപ്പാക്കാൻ നീക്കം നടന്നത്. 1999ൽ സിറോ മലബാർ സഭ സിനഡ് ശിപാർശ ചെയ്ത ആരാധനക്രമം പരിഷ്കരിക്കാൻ വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാനാർപ്പണ രീതി ഏകീകരിക്കാനായിരുന്നു തീരുമാനം. കുർബാനയുടെ ആമുഖഭാഗം അൾത്താരാഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുന്നതാണ് ഏകീകൃത രീതി. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപത, തൃശൂർ, ഇരിങ്ങാലക്കുട തുടങ്ങിയ ഇടങ്ങളിൽ കാലങ്ങളായി തുടരുന്ന ജനാഭിമുഖ കുർബാന മാറ്റാൻ തയാറാകാതിരുന്നത് ആലഞ്ചേരിക്കും സഭാനേതൃത്വത്തിനും തിരിച്ചടിയായിരുന്നു. അതിനിടെ, ഭൂമിയിടപാടിൽ ആലഞ്ചേരിയെ പുറത്താക്കണമെന്ന ആവശ്യവുമായി അതിരൂപത സംരക്ഷണസമിതിയുടെയും അൽമായ മുന്നേറ്റത്തിന്‍റെയും നേതൃത്വത്തിലുൾെപ്പടെ തുടർച്ചയായി പ്രതിഷേധവും ധർണയും നടന്നു. ഈ രീതിയിൽ വിശ്വാസി സമൂഹത്തിന്‍റെയും വൈദികരുടെയും കടുത്ത സമ്മർദങ്ങളും പ്രതിഷേധവുമാണ് ഒടുവിൽ ആലഞ്ചേരിയുടെ പടിയിറക്കത്തിലേക്ക് നയിച്ചത്.
തീരുമാനം ആശ്വാസകരമെന്ന് അൽമായ ശബ്ദം
കൊച്ചി: സിറോ മലബാർ സഭ വിശ്വാസികൾക്കായി വത്തിക്കാൻ എടുത്ത തീരുമാനം ആശ്വാസകരവും സ്വാഗതാർഹവുമാണെന്ന് അൽമായ ശബ്ദം. മാർ ജോർജ് ആലഞ്ചേരി മേജർ ആർച് ബിഷപ് എമിരിറ്റസ് പദവിയിൽ തുടരുമെന്ന വത്തിക്കാൻ നിർദേശം അഭിനന്ദനീയമാണ്. നിയുക്ത അഡ്മിനിസ്ട്രേറ്റർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, കൂരിയ ബിഷപ് മാർ ബോസ്കോ പുത്തൂർ എന്നിവർക്ക് സഭയുടെ ഏകീകരണ ബലിയർപ്പണത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പുനൽകുമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ ബിജു നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.