പരിധിയിൽ കൂടുതൽ ഭൂമി: സീലിങ് കേസുകൾ എടുക്കുന്നതിൽ ലാൻഡ് ബോർഡ് വീഴ്ച വരുത്തിയെന്ന് എ.ജി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്കെതിരെ സീലിങ് കേസുകൾ എടുക്കുന്നതിൽ ലാൻഡ് ബോർഡ് വീഴ്ച വരുത്തിയെന്ന് എ.ജി റിപ്പോർട്ട്. 1963 ലെ ഭൂപരിഷ്കരണ നിയമ പ്രകാരം പരിധിയിൽ അധികം ഭൂമി കൈവശം വെച്ചിരിക്കുന്നവരിൽനിന്ന് മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ ലാൻഡ് ബോർഡ് ഉദ്യോഗസ്ഥർ അനാസ്ഥ തുടരുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മിച്ച ഭൂമി കേസുകൾ തീർപ്പാക്കി ഭൂമി ഏറ്റെടുക്കുന്നതിൽ ലാൻഡ് ബോർഡ് മെല്ലെപ്പോക്ക് ഭൂമി കൈവശം വെച്ചിരിക്കുന്നവരെ സഹായിക്കുകയാണ്.
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 85 (രണ്ട്) പ്രകാരം, ഒരു വ്യക്തിക്ക് സീലിങ് പരിധിയിൽ കൂടുതലുള്ള ഭൂമിയുടെ ഉടമസ്ഥതയോ കൈവശമോ ഉണ്ടെങ്കിൽ, ആ വ്യക്തി, വകുപ്പ് 83 പ്രകാരം വിജ്ഞാപനം ചെയ്ത തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്യണം. വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതോ കൈവശം വെച്ചിരിക്കുന്നതോ ആയ എല്ലാ ഭൂമിയുടെയും (വകുപ്പ് 81 പ്രകാരം ഒഴിവാക്കപ്പെട്ട ഭൂമി ഉൾപ്പെടെ) സ്ഥലവും വ്യാപ്തിയും നിർദേശിച്ചേക്കാവുന്ന മറ്റ് വിശദാംശങ്ങളും ലാൻഡ് ബോർഡിന് മുമ്പാകെ അറിയിക്കണം. സറണ്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന ഭൂമിയെ വിവരങ്ങളും നൽകണം.
എന്നാൽ, പരിധിക്കപ്പുറം ഭൂമി കൈവശം വെക്കുന്നവർക്കെതിരെ ലാൻഡ് ബോർഡ് നിയമ നടപടി സ്വീകരിക്കുന്നില്ലതിന് ചില ഉദ്ഹരണങ്ങൾ എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കരാട്ട് ഗ്രാനൈറ്റ്സ് കമ്പനി പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയരുന്നു. ഈ കമ്പനി കെ.ജെ വർക്കിയുടെ ഉടമസ്ഥതയിലാണ്. കമ്പനിയുടെ പേരിൽ 6.1107 ഹെക്ടർ ഭൂമി അദ്ദേഹത്തിനുണ്ടായിരുന്നു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പരപ്പ വില്ലേജിലാണ് പരിധിയിൽ കവിഞ്ഞ ഭൂമി റിപ്പോർട്ട് ചെയ്തത്. അധിക ഭൂമി വിട്ടുനൽകാൻ കമ്പനി സമ്മതിച്ചു. 2021ജൂലൈ 22ന് ഇത് സംബന്ധിച്ച് പ്രസ്താവന സമർപ്പിച്ചു.
സംസ്ഥാന ലാൻഡ് ബോർഡ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ സീലിങ് കേസ് ആരംഭിക്കുന്നതിന് താലൂക്ക് ലാൻഡ് ബോർഡിന് അനുമതി നൽകി. എന്നാൽ, രണ്ട് വർഷത്തിലേറെ കഴിഞ്ഞിട്ടും അധികഭൂമി വിട്ടുനൽകാൻ കമ്പനി തയാറായില്ല. ലാൻഡ് ബോർഡ് കമ്പനിയിൽ നിന്ന് മിച്ചഭൂമി ഏറ്റെടുത്തതുമില്ല. വെള്ളരിക്കുണ്ട് ടി.എൽ.ബി അധികഭൂമി കമ്പനിയിൽ നിന്ന് തിരിച്ചുപിടിച്ച് ലാൻഡ് ബാങ്കിൽ നിക്ഷേപിക്കാൻ നടപടിയെടുത്തില്ലെന്നാണ് റിപ്പോർട്ട്.
മറ്റൊരു മിച്ചഭൂമി കേസ് ശ്രീനിവാസ നായിക്കും കുടുംബവുമാണ്. പരിധിയിൽ കൂടുതൽ ഭൂമി ഇവരും കൈവശം വെച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന അദ്ദേഹത്തിന് 30 ഏക്കർ ഭൂമിയുണ്ട്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ലാൻഡ് ബോർഡ് 2020 ഒക്ടോബർ അഞ്ചിന് കത്ത് നൽകി.
സീലിങ് കേസ് ആരംഭിക്കുന്നതിന് താലൂക്ക് ലാൻഡ് ബോർഡിന് അനുമതിയും നൽകി. മൂന്ന് വർഷം കഴിഞ്ഞിട്ട് മിച്ചഭൂമി ഏറ്റെടുക്കാൻ ലാൻഡിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. പരിധിയിൽ കവിഞ്ഞ ഭൂമിയുള്ളവരെ കാണുമ്പോൾ ഭൂപരിഷകരണ നിയമം അവർക്കായി വഴി മാറുന്നുവെന്നാണ് എ.ജി റിപ്പോർട്ട് വെളിവാക്കുന്നത്. താലൂക്ക് ലാൻഡ് ബോർഡുകളിൽ തീർപ്പ് കൽപ്പിക്കാതെ ധാരളം കേസുകൾ കെട്ടിക്കിടക്കുകയാണ്.
ഇതിലൂടെ ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെട്ടിരിക്കുന്നവരെ സഹായിക്കുന്നകയാണ് ലാൻഡ് ബോർഡ്. 78 താലൂക്കുകളിൽ നിന്ന് ഭൂമിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാനും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി താലൂക്ക് ലാൻഡ് ബോഡിന് ഒരു സോണൽ ചെയർമാനും നിയമിച്ചു. എന്നിട്ടും മിച്ച് ഭൂമി ഏറ്റെടുക്കുന്നതിൽ നടപടി സ്വീകരിക്കുന്നിൽ മെല്ലെപ്പോക്ക് തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഭൂരഹിതർക്ക് വിതരണം ചെയ്യാൻ സർക്കാരിന്റെ കൈവശം ഭൂമിയില്ലാത്ത അവസ്ഥയുള്ളപ്പോഴാണ് ലാൻഡ് ബോർഡ് അനാസ്ഥ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.