ലാൻഡ് ബോർഡിന്റെ അനാസ്ഥ: സംസ്ഥാനത്ത് 8,247 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാനായില്ലെന്ന് എ.ജി
text_fieldsകോഴിക്കോട്: ലാൻഡ് ബോർഡിന്റെ അനാസ്ഥ കാരണം സംസ്ഥാനത്ത് 8,247 ഏക്കർ (3337.58 ഹെക്ടർ) മിച്ചഭൂമി ഏറ്റെടുക്കാനായില്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. 1970ലെ കേരള ഭൂപരിഷ്‌കരണ (സീലിങ്) ചട്ടങ്ങൾ പ്രകാരം പരിധിയിൽ കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്ന ഓരോ വ്യക്തിയും ഭൂമി കൈവശം വച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാന ലാൻഡ് ബോർഡിന് (എസ്.എൽ.ബി) ഫോം -ഒന്നിൽ പ്രസ്താവന ഫയൽ ചെയ്യണം.
സംസ്ഥാന ലാൻഡ് ബോർഡ് ഈ പ്രസ്താവന സ്വീകരിച്ച ശേഷം, അത് താലൂക്ക് ലാൻഡ് ബോർഡിലേക്ക് കൈമാറണം. താലൂക്ക് ലാൻഡ് ബോർഡാണ് ഭൂവുടമസ്ഥത സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത്. ഓഡിറ്റിന് സംസ്ഥാന ലാൻഡ് ബോർഡ് നൽകിയ രേഖകൾ പരിശോധിച്ചതിൽ സംസ്ഥാനത്തെ 14 ജില്ലകളിലും മിച്ചഭൂമി ഇനിയും ഏറ്റെടുക്കാനുണ്ട്. സംസ്ഥാനത്ത് പട്ടികജാതി -വർഗ വിഭാഗങ്ങൾ ഉൾപ്പെടെ ആയിരിക്കണക്കിന് കുടുംബങ്ങൾ ഭൂരഹിതരാണ്. ഇവർക്ക് വിതരണം ചെയ്യേണ്ട ഭൂമിയാണ് ലാൻഡ് ബോർഡിലെ ഉദ്യോഗസ്ഥരെ പല തരത്തിൽ സ്വാധീച്ച് പലരും നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കണ്ണൂരിലാണ് ഏറ്റവുമധികം മിച്ചഭൂമി ഏറ്റെടുക്കാനുള്ളത്. 1697.71 ഏക്കർ മിച്ചഭൂമി. കോഴിക്കോട് ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 1580 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാനുണ്ട്. മൂന്നാമത് വയനാട് ജില്ലയാണ്. വയനാട്ടിൽ ഏറ്റെടുക്കാൻ 1288 ഏക്കർ മിച്ചഭൂമിയുണ്ട്. വയനാട്ടിലാകട്ടെ ആദിവാസികൾ അടക്കം ഭൂരഹിത കുടുംബങ്ങൾ ആയിരങ്ങളാണ്. മറ്റു ജില്ലകളിൽ തിരുവനന്തപുരം-176, കൊല്ലം- 8028, പത്തനംതിട്ട- 69.33, ആലപ്പുഴ-185.45, കോട്ടയം-17.39, ഇടുക്കി- 716.63, എറണാകുളം- 258.47, തൃശൂർ- 81.89, പാലക്കാട്-387.80, മലപ്പുറം- 348.88, കാസർകോട്-1363 ഏക്കർ എന്നിങ്ങനെയാണ് മിച്ചഭൂമി ഏറ്റെടുക്കുനള്ളത്.
1963-ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 100 ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന ലാൻഡ് ബോർഡ് (എസ്.എൽ.ബി) രൂപീകരിച്ചത്. സംസ്ഥാനത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങൾക്കായിട്ടാണ് സർക്കാർ ലാൻഡ് ബോർഡിന് രൂപം നൽകിയത്.
നിലവിൽ സംസ്ഥാന ലാൻഡ് ബോർഡ് ഏക അംഗ ബോർഡാണ്. സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും എസ്.എൽ.ബിക്കുണ്ട്. ലാൻഡ് ട്രിബ്യൂണലുകൾ (എൽ.ടി), അപ്പലേറ്റ് അതോറിറ്റികൾ (എ.എ), താലൂക്ക് ലാൻഡ് ബോർഡുകൾ (ടി.എൽ.ബി) എന്നിവയുടെ മേൽനോട്ടം എസ്.എൽ.ബിക്കാണ്. അധികാരപരിധിയിൽ പ്രവർത്തിക്കുന്ന മറ്റ് ഓഫീസുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടവും എസ്.എൽ.ബിക്കാണ്.
നിയമപ്രകാരം സർക്കാരിൽ നിക്ഷിപ്തമായ മിച്ചഭൂമി കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം എസ്.എൽ.ബിക്കാണ്. സംസ്ഥാനത്തിൻ്റെ റവന്യൂ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എസ്.എൽ.ബിക്ക് ലാൻഡ് സീലിങ് കേസുകൾ അവലോകനം ചെയ്യാനും ഹൈകോടതിയിൽ റിട്ട് ഹരജികൾ ഫയൽ ചെയ്യാനും കഴിയും.
ഭൂപരിഷ്കരണ വിഷയങ്ങളിൽ സർക്കാരിനും അതിൻ്റെ കീഴിലുള്ള ഓഫീസുകൾക്കും ഉപദേശം നൽകാനും എസ്.എൽ.ബിക്കാണ് അധികാരം. നിലവിൽ എസ്.എൽ.ബിയുടെ നിയന്ത്രണത്തിൽ 77 ടി.എൽ.ബികളുണ്ട്. എന്നാൽ സംസ്ഥാന ലാൻഡ് ബോർഡ് മിച്ചഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ കെടുകാര്യസ്ഥ തുടരുകയാണെന്ന് എ.ജി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.