വീട് നിർമാണത്തിന് അതിവേഗമാകണം ഭൂമി തരംമാറ്റം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വീട് നിർമാണത്തിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ദിവസമായി ചേർന്ന കലക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷികസമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരപരിധിയിൽ അഞ്ച് സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീട് വെക്കുന്നതിന് അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം. നെൽവയൽ നിയമം വരുന്നതിനുമുമ്പ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തിൽ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളിൽ കൃഷി, റവന്യൂ വകുപ്പുകളുമായി ഏകോപനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടറേറ്റുകളിലെ ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ജില്ലകളിൽ റോഡപകടങ്ങൾ തടയുന്നതിന് മോട്ടോർ വാഹന വകുപ്പും പൊലീസും കലക്ടറും ചേർന്ന് നടപടികൾ സ്വീകരിക്കണം. സർക്കാർ ഓഫിസുകൾ സൗരോർജത്തിലേക്ക് മാറ്റുന്നതിന് നടപടികളുണ്ടാവണം. വിവിധ പഞ്ചായത്തുകളിൽ മത്സ്യകൃഷി കൂടുതൽ വിപുലമാക്കണം. സർക്കാർ ഓഫിസുകൾക്ക് നേരെയുള്ള ആക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതിൽ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു.
ഡിസ്ട്രിക്ട് മൈനിങ് ഫണ്ട് ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് മുഖേന ജില്ല തലത്തിൽ കാലാവസ്ഥ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കണം. അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ പ്രവചിക്കുന്ന നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പടെ ഈ ഫണ്ടിലൂടെ നടത്തണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണം. വിവിധ നിർമാണ പദ്ധതികൾ, റോഡ്, റെയിൽവേ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം. സർവേയർമാരുടെ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാത വികസനത്തിന് തടസ്സങ്ങൾ ഉണ്ടാകാതെ നടപടികൾ വേഗത്തിലാക്കണമെന്നും മുഖ്യമന്തി പറഞ്ഞു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, ഡോ.ആര്. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കലക്ടർമാർ, വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.