ഭൂമി തരംമാറ്റൽ: ചെറിയ അളവിൽ ഭൂമിയുള്ളവർക്ക് പ്രത്യേക സൗകര്യം
text_fieldsതിരുവനന്തപുരം: ചെറിയ അളവിൽ ഭൂമിയുള്ളവർക്ക് ഭൂമി തരംമാറ്റൽ അപേക്ഷകളിൽ മുൻഗണനാക്രമം ഒഴിവാക്കി പ്രത്യേക സൗകര്യം ഒരുക്കാൻ തീരുമാനം. 2022 ജനുവരി 31 വരെയുള്ള അപേക്ഷകൾ ആറ് മാസത്തിനകം തീർപ്പാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ക്രമീകരണം. ഇതുസംബന്ധിച്ച സമഗ്ര മാർഗരേഖ റവന്യൂവകുപ്പ് ഉടൻ പുറത്തിറക്കും. 1.12 ലക്ഷം അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. പല വില്ലേജ് ഓഫിസുകളിലും പ്രതിദിനം 300 മുതൽ 500 വരെ പുതിയ അപേക്ഷകൾ ലഭിക്കുന്നുണ്ട്.
ഓരോ വില്ലേജും പ്രത്യേകമായെടുത്ത് അപേക്ഷകൾ എത്ര, താലൂക്കിൽ എത്ര എന്നിങ്ങനെ കണക്കുകൾ ശേഖരിക്കുകയാണ്. ജനുവരി 31ന് ശേഷമുള്ള അപേക്ഷകൾ പൂർണമായും ഓൺലൈനിലായതിനാൽ കൂടുതൽ കാലതാമസം ഉണ്ടാകില്ലെന്നു കണക്കുകൂട്ടുന്നു. 2021 ഫെബ്രുവരി 25ലെ മന്ത്രിസഭയോഗം 25 സെന്റ് വരെ ഭൂമിക്ക് സൗജന്യം അനുവദിച്ചിരുന്നു. ഇതോടെ അപേക്ഷകളുടെ എണ്ണം വർധിച്ചു. 94,000 അപേക്ഷകളാണ് ഒറ്റയടിക്ക് കൂടിയത്.
നേരേത്ത അഞ്ച് സെന്റിനും പത്ത് സെന്റിനും സ്ലാബ് അനുസരിച്ചാണ് ഫീസ് ഈടാക്കിയത്. കോർപറേഷൻ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവക്കും വെവ്വേറെ ഫീസായിരുന്നു. അതാണ് 25 സെന്റ് വരെ സൗജന്യമാക്കിയത്. അപേക്ഷകൾ തീർക്കുന്തോറും പുതിയത് ലഭിക്കുന്നതാണ് കാലതാമസത്തിന് കാരണം. ഫോർട്ട് കൊച്ചിയിൽ മാത്രം ദിവസവും 500 ലധികം അപേക്ഷകളാണ് പുതുതായി ലഭിക്കുന്നത്. നികുതി ഓൺലൈൻ ആക്കിയതോടെ പത്തും പതിനഞ്ചും വർഷമായി നികുതി അടക്കാതിരുന്നവർ പണമടക്കാൻ തുടങ്ങിയതും അപേക്ഷകൾ കൂടാൻ കാരണമായി. അവർക്ക് കിട്ടുന്ന റെസീപ്റ്റിൽ ഭൂമി പുരയിടമല്ല, നിലമാണെന്ന് ബോധ്യമായതാണ് കാരണം. േഡറ്റാബാങ്കിന്റെ മാറ്റത്തിന് ശേഷം നികുതി അടക്കാത്തവരും ഇപ്പോൾ അപേക്ഷിക്കുന്നുണ്ട്.
ഇത് മറികടക്കാനുള്ള മാർഗനിർദേശം കൊണ്ടുവരാനാണ് റവന്യൂവകുപ്പ് തീരുമാനമെന്ന് മന്ത്രി കെ. രാജൻ 'മാധ്യമ'ത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം പോലെ താൽക്കാലികമായി ആറ് മാസത്തേക്ക് ജീവനക്കാരെ ഉൾപ്പെടെ നിയോഗിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. തരംമാറ്റലും താലൂക്കിൽ രേഖകൾ അംഗീകരിക്കുന്നതും ആറുമാസംകൊണ്ട് തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.