ഭൂമിക്ക് നഷ്ടപരിഹാരം: സർക്കാർ തീരുമാനം കോടതി വിധിക്ക് വിധേയം
text_fieldsകൊച്ചി: വയനാട് പുനരധിവാസത്തിനുള്ള ടൗൺഷിപ് നിർമാണത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റോൺ എസ്റ്റേറ്റിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നഷ്ടപരിഹാരത്തുക അനുവദിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാവുക കോടതി വിധിക്ക് വിധേയമായി. നിലവിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചിട്ടില്ലാത്തതും ഏറ്റെടുക്കൽ നടപടിക്ക് പച്ചക്കൊടി വീശിയതും മുൻനിർത്തിയാണ് സർക്കാർ തുക നീക്കിവെക്കുന്നത്.
ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കേസ് നിലവിലുള്ള സാഹചര്യത്തിൽ തുക നേരിട്ട് എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമോ കോടതിയിൽ കെട്ടിവെക്കണമോ എന്നതുസംബന്ധിച്ച തീരുമാനമാണ് അപ്പീൽ ഹരജിയിൽ പ്രധാനമായും ഉണ്ടാകാനുള്ളത്. ഇതിൽ എന്ത് ഉത്തരവുണ്ടായാലും സർക്കാറിന് പണം കണ്ടെത്തേണ്ടതുണ്ട്. 27ന് പുനരധിവാസം തുടങ്ങാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് വയനാട് ജില്ല കലക്ടർക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് നഷ്ടപരിഹാരത്തുക പിൻവലിക്കാൻ അനുമതി നൽകിയത്. കോടതിയിൽനിന്ന് അപ്രതീക്ഷിത ഉത്തരവുണ്ടായാലേ തീരുമാനം സർക്കാറിന് തിരുത്തേണ്ടിവരൂ.
ടൗൺഷിപ് നിർമിക്കാൻ നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടിയുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന സിംഗിൾബെഞ്ച് ഉത്തരവുണ്ട്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് നിലവിലുള്ള സിവിൽ കേസിൽ വിധി പ്രതികൂലമായാൽ തുക തിരികെനൽകണമെന്ന വ്യവസ്ഥയോടെ എസ്റ്റേറ്റുടമകൾക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു. രേഖകൾ വിലയിരുത്തി പ്രഥമദൃഷ്ട്യാ ഹരജിക്കാർക്ക് ഉടമസ്ഥതാവകാശം ഉണ്ടെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസ് സിവിൽ കോടതിയിലുള്ളതിനാൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെക്കാമെന്ന സർക്കാർ നിലപാട് തള്ളുകയും ചെയ്തിരുന്നു.
എന്നാൽ, പുനരധിവാസത്തിനായി സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമത്തിൽ വ്യവസ്ഥയില്ലെന്നും താൽക്കാലികമായി ഏറ്റെടുക്കാൻ മാത്രമാണ് സർക്കാറിന് അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടി രണ്ട് എസ്റ്റേറ്റുകളും അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചു. എൽസ്റ്റോണിന്റെ അപ്പീൽ ഇതുവരെ കോടതി മുമ്പാകെ എത്തിയിട്ടില്ല. ഹാരിസണിന്റെ ഭൂമിയാകട്ടെ തൽക്കാലം ഏറ്റെടുക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയിലാണ് ആദ്യഘട്ടമായി ടൗൺഷിപ് നിർമിക്കുന്നത്. സിംഗിൾബെഞ്ച് ഉത്തരവിന് നിലവിൽ സ്റ്റേയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.