ഡി.ജി.പി ഉൾപ്പെട്ട ഭൂമി ഇടപാട്: കേസ് കോടതിക്ക് പുറത്ത് ഒത്തുതീർന്നു
text_fieldsതിരുവനന്തപുരം: ഡി.ജി.പി എസ്. ദർവേശ് സാഹിബും ഭാര്യയും ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പായി. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പായതായി അറിയിച്ച് ഡി.ജി.പിയുടെയും പരാതിക്കാരന്റെയും അഭിഭാഷകർ ബുധനാഴ്ച തിരുവനന്തപുരം അഡീഷനൽ സബ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച് കോടതി വ്യാഴാഴ്ച ഉത്തരവിറക്കുന്നതോടെ നടപടികൾ അവസാനിക്കും.
ഡി.പി.ഐക്ക് സമീപം താമസിക്കുന്ന മുൻ പ്രവാസി ടി. ഉമർ ഷെരീഫാണ് ഡി.ജി.പിക്കും ഭാര്യക്കും എതിരെ കോടതിയെ സമീപിച്ചത്. 74 ലക്ഷം രൂപക്ക് ഭൂമി വിൽക്കാൻ സമ്മതിക്കുകയും മുൻകൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഇവർ കരാർ ലംഘിച്ചെന്ന പരാതിയെ തുടർന്ന് വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാൻ തിരുവനന്തപുരം അഡീഷനൽ സബ് കോടതി മേയ് 25ന് ഉത്തരവിട്ടിരുന്നു.
സംഭവം സർക്കാറിനും ആഭ്യന്തര വകുപ്പിനും ക്ഷീണമായി. ഡി.ജി.പിയുടെ ഭാര്യയുടെ പേരിൽ പേരൂർക്കട വില്ലേജിൽ മണികണ്ഠേശ്വരത്തെ 10.8 സെന്റ് ഭൂമി ജപ്തി ചെയ്തതിന് പുറമേ പേരൂർക്കട വില്ലേജ് ഓഫിസിലും ശാസ്തമംഗലത്തെ സബ് രജിസ്ട്രാർ ഓഫിസിലും ഭൂരേഖകളിൽ ഇതിന് ആനുപാതികമായി തിരുത്തലുകളും വരുത്തി. പണം തിരികെ നൽകാൻ ഡി.ജി.പിയുടെ ഭാഗത്തുനിന്ന് സന്നദ്ധത അറിയിച്ചുള്ള ഒത്തുതീർപ്പാണ് ഉന്നതർ ഇടപെട്ട് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.