കരിമണ്ണൂരിൽ 1964 ചട്ടപ്രകാരം പട്ടയവിതരണം എളുപ്പമാകില്ല
text_fieldsതൊടുപുഴ: കരിണ്ണൂർ എൽ.എ ഒാഫിസിന് കീഴിലെ വിവിധ പ്രദേശങ്ങളിൽ സർക്കാർ ഭൂമി എന്ന പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 1964 ചട്ടപ്രകാരം നടത്താൻ തീരുമാനിച്ചിരിക്കുന്ന പട്ടയവിതരണം എളുപ്പം നടപ്പാക്കാൻ കഴിയില്ലെന്ന് ആശങ്ക. സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഭൂരിപക്ഷം പ്രദേശങ്ങളിലും 1993ലെ ചട്ടം അനുസരിച്ച് 01.01.1977ന് മുമ്പ് വനഭൂമി കൈയേറ്റം ക്രമീകരിക്കൽ പ്രകാരം ജോയൻറ് വെരിഫിക്കേഷൻ പൂർത്തിയാക്കിയതാണ്.
നൂറുകണക്കിന് ആളുകൾക്ക് അസൈൻമെൻറ് ഓർഡർ കൊടുത്തിട്ടുണ്ട്. നിരവധി പേർക്ക് പട്ടയവും നൽകിയിട്ടുണ്ട്. കൂടാത പ്രദേശത്തെ ആദിവാസികൾക്ക് 2010ൽ വനാവകാശ രേഖയോ വനാവകാശ പട്ടയമോ നൽകിയിട്ടുമുണ്ട്. ഇങ്ങനെയുള്ള ഭൂമിയിലാണ് ഇപ്പോൾ 1964 ചട്ടപ്രകാരം പട്ടയം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഒരേ ഭൂമിക്ക് രണ്ടുതരത്തിലുള്ള പട്ടയം നൽകാൻ സാധിക്കുകയില്ലെന്നാണ് ആക്ഷേപം.
1964 ചട്ടപ്രകാരം പട്ടയം നൽകാൻ കഴിയുന്നത് സർക്കാർ ഭൂമിക്കാണ്. തരിശ്, പുറേമ്പാക്ക്, പുൽമേടുകൾ, കരിംകാട് തുടങ്ങിയവയാണ് സർക്കാർ ഭൂമി എന്ന നിർവചനത്തിൽ വരുന്നത്. വനഭൂമി കൈയേറിയവർക്ക് 1993 ചട്ടപ്രകാരമാണ് പട്ടയം നൽകുക. ആദിവാസികളും കുടിയേറ്റ കർഷകരും ഇടകലർന്ന് താമസിക്കുന്ന ഒരേ ഇനത്തിൽപ്പെട്ട ഭൂമിക്ക് രണ്ടുതരത്തിൽ പട്ടയംനൽകാൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. ജോയൻറ് വെരിഫിക്കേഷനും അസൈൻമെൻറ് ഓർഡറും വനാവകാശ പട്ടയവും റദ്ദുചെയ്താൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ.
വനംവകുപ്പ് ജണ്ട സ്ഥാപിച്ചത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ്. ജോയൻറ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്തവരും 01.08.1971ന് മുമ്പ് സർക്കാർ ഭൂമി കൈയേറിയവർക്കും പട്ടയം നൽകാനാണ് ഉത്തരവിൽ പറയുന്നത്. വനാവകാശ രേഖയോ ജോയൻറ് വെരിഫിക്കേഷനിൽപ്പെട്ടവരുടെയോ ഭൂമിയെക്കുറിച്ച് പറയുന്നില്ല. ഇത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.