725.54 ഹെക്ടർ സർക്കാർ ഭൂമി കൈയേറി
text_fieldsകൊച്ചി: സംസ്ഥാനത്ത് സർക്കാർ അധീനതയിലുള്ള 725.54 ഹെക്ടർ ഭൂമിയിൽ കൈയേറ്റം നടന്നതായി റവന്യു വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ ജനുവരി വരെ ലാൻഡ് റവന്യു കമീഷണറുടെ കാര്യാലയത്തിൽ ലഭ്യമായ വിവരങ്ങൾ പ്രകാരമുള്ള കണക്കാണിത്. യഥാർഥത്തിൽ കൈയേറ്റക്കാർ സ്വന്തമാക്കിയ ഭൂമിയുടെ അളവ് ഇതിലും കൂടും. കൈയേറിയതിൽ 358.06 ഹെക്ടർ തിരിച്ചുപിടിച്ചതായാണ് റവന്യു വകുപ്പിന്റെ രേഖകൾ.
സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമടക്കം സർക്കാർ ഭൂമി കൈയേറിയിട്ടുണ്ട്. വനഭൂമി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥലങ്ങളിൽ, എല്ലാ ജില്ലകളിലും വ്യാപക കൈയേറ്റം നടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 367.48 ഹെക്ടർ ഇനിയും ഒഴിപ്പിച്ചെടുക്കാനായിട്ടില്ല.
കൈയേറ്റം ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്: 102.89 ഹെക്ടർ. കുറവ് കണ്ണൂർ ജില്ലയിലാണ്: 2.03 ഹെക്ടർ. കഴിഞ്ഞ മേയ് 27 വരെയുള്ള കണക്ക് പ്രകാരം കൈയേറ്റ ഭൂമി ഏറ്റവും കൂടുതൽ തിരിച്ചുപിടിച്ചത് ഇടുക്കി ജില്ലയിലാണ്: 193.49 ഹെക്ടർ. തിരുവനന്തപുരം ജില്ലയിൽ ഈ കാലയളവിൽ 37.70 ഹെക്ടർ മാത്രമാണ് തിരിച്ചുപിടിക്കാനായത്.
കൈയേറ്റം സമയബന്ധിതമായി ഒഴിപ്പിക്കാൻ 1957ലെ ഭൂസംരക്ഷണ നിയമം, 2009ലെ ഭൂസംരക്ഷണ ഭേദഗതി നിയമം എന്നിവ പ്രകാരം നടപടി സ്വീകരിച്ചുവരുന്നുവെന്ന് റവന്യു വകുപ്പ് അവകാശപ്പെടുമ്പോഴാണ് 367.48 ഹെക്ടർ ഇപ്പോഴും കൈയേറ്റക്കാരുടെ കൈവശമിരിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കാൻ 2018ൽ ജില്ല, താലൂക്ക് തലങ്ങളിൽ രൂപവത്കരിച്ച മോണിറ്ററിങ് സെല്ലുകളും ലക്ഷ്യം കണ്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൈയേറ്റക്കാർ നിയമനടപടികളിലേക്ക് നീങ്ങിയതാണ് ഒഴിപ്പിക്കൽ നടപടികൾ നീളാൻ കാരണമെന്നാണ് വിശദീകരണം. ഇതുമൂലം കൈയേറിയ ഭൂമി വൻകിടക്കാരടക്കം വർഷങ്ങളായി കൈവശം വെക്കുകയും ചിലയിടങ്ങളിൽ നിർമാണപ്രവർത്തനങ്ങളടക്കം നടത്തുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.