ഭൂമി കൈയേറ്റം: ആദിവാസികളുടെ പരാതി കേൾക്കാൻ കലക്ടർ അട്ടപ്പാടിയിലെത്തി
text_fieldsകോഴിക്കോട് : ഭൂമാഫിയയുടെ കൈയറ്റത്തിന്‍റെ ഇരകളായി ആദിവാസികളുടെ പരാതി കേൾക്കാൻ പാലക്കാട് കലക്ടർ ഡോ. എസ്. ചിത്ര അട്ടപ്പാടിയിലെത്തി. ആദിവാസി ഊര് ഭൂമിപോലും കൈയേറ്റക്കാരുടെ കൈവശമായ മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം മേഖലകളിലെ ആദിവാസികൾ കലക്ടറെ നേരിട്ട് കാണുന്നതിനുവേണ്ടി പാലക്കാട്ടേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. ആദിവാസികൾ പാലക്കാട്ടേക്ക് വരേണ്ടെന്നും അട്ടപ്പാടിയിലെത്തി പരാതി കേൾക്കാമെന്നും കലക്ടർ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് അട്ടപ്പാടിയിൽ എത്തിയത്.
അട്ടപ്പാടി ഐ.ടി.ഡി.പി ഹാളിലാണ് കലക്ടർ ആദിവാസികളിൽനിന്ന് പരാതികൾ സ്വീകരിച്ചത്. വിവിധ ഊരുകളിൽ ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾ പരാതി നൽകുകയും കലക്ടറെകണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ, നിരപ്പത്ത് ജോസഫ് കുര്യൻ കൈയേറി പെട്രോൾ പമ്പ് നടത്താനുള്ള അനുമതി വാങ്ങിയ ഭൂമിയെക്കുറിച്ച് സംസാരിക്കാൻ എത്തി. മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം മേഖലകളിൽ ചാരിറ്റബിൾ സൊസൈറ്റികളുടെയും ഫാമിങ് സൊസൈറ്റികളുടെയും പേരിൽ വൻ കൈയേറ്റം നടക്കുന്നുവെന്ന് ആദിവാസികൾ വ്യക്തമാക്കി.
ഇടുക്കിയിലെ ചൊക്രമുടിയിൽ അഞ്ച് വ്യാജപട്ടയം നിർമിച്ച് ഭൂമി കൈയേറ്റം നടത്തിയപ്പോൾ അന്വേഷണത്തിന് ഇടുക്കി കലക്ടർ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിച്ചത്. അതിന് പട്ടയ-ആധാര- സർവേ രേഖകൾ പരിശോധിക്കുന്നതിനുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്. അട്ടപ്പാടിയിലാകട്ടെ നൂറുകണക്കിന് വ്യാജ ആധാരങ്ങളാണ് ഉണ്ടായിരിക്കുന്നത്. സെറ്റിൽമെൻറ് രേഖ, വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ, ഐ.ടി.ഡി.പിയുടെ റിപ്പോർട്ട്, ലാൻഡ് ട്രൈബ്യൂണലിലെ പട്ടയ രജിസ്റ്റർ എന്നിവ പരിശോധിക്കണം. വ്യാജരേഖ നിർമിച്ച് ആദിവാസി ഭൂമി കൈയേറിയത് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് ആദിവാസി മഹാസഭ നേതാവ് ടി.ആർ. ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.
ഭൂമാഫിയ നിർമിച്ച വ്യാജരേഖകൾ സംബന്ധിച്ച് വില്ലേജ് ഓഫീസറും തഹസീദാരും അന്വേഷിച്ചാൽ ആദിവാസികൾക്ക് നീതി ലഭിക്കില്ല. ഭൂമാഫിയ സംഘത്തിന് വേണ്ടി റിപ്പോർട്ട് തയാറാക്കുന്നവരാണ് അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥരിൽ ബഹുഭൂരിപക്ഷവും. ആദിവാസി ഭൂമി 2022, 2023, 2024 വർഷത്തിൽ നൂറുകണക്കിന് ആധാരങ്ങൾ നടത്തിയിട്ടുണ്ട്. റവന്യൂ വെബ്സൈറ്റ് പരിശോധിച്ചാൽ ഈ കൈമാറ്റങ്ങൾ കാണാൻ കഴിയും. വ്യാജരേഖകൾ പരിശോധിക്കുന്നതിന് അഴിമതിക്കാരല്ലാത്ത സത്യസന്ധരായ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ടി.ആർ. ചന്ദ്രൻ പറഞ്ഞു. ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് മാധ്യമം ഓൺലൈനിൽ വാർത്ത നൽകിയ വിവിധ ഊരുകളിലെ ആദിവാസികളെല്ലാം കലക്ടറെ കാണാൻ എത്തി.
കലക്ടർ ചൊവ്വാഴ്ച പുതൂർ, കള്ളമല വില്ലേജ് ഓഫിസുകളിൽ എത്തി പരിശോധന നടത്തിയിരുന്നു. പുതൂരിൽ കഴിഞ്ഞ ആറ് മാസമായി വില്ലേജ് ഓഫിസർ ഇല്ലെന്ന് കലക്ടർ ചൊവ്വാഴ്ചയാണ് അറിഞ്ഞത്. അട്ടപ്പാടിയിലെത്തിയ കലക്ടർക്കൊപ്പം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.