ഭൂപ്രശ്നം: മുഖ്യമന്ത്രിക്ക് ഡീൻ കുര്യാക്കോസ് എം.പിയുടെ തുറന്ന കത്ത്
text_fieldsഇടുക്കി: 1964, 1993 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു. ഞായറാഴ്ച മുതൽ എം.പി ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം നാലാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കത്ത്.
1964ലെ ഭൂമിപതിവ് ചട്ടം, 1993ലെ വനഭൂമി കുടിയേറ്റ ക്രമീകരണനിയമം, എച്ച്.ആർ.സി, പുതുവൽ, മുനിസിപ്പൽ നിയമങ്ങൾ പ്രകാരമാണ് ഭൂമിക്ക് പട്ടയം നൽകിയിട്ടുള്ളത്.
1964, 1993 ഭൂപതിവ് ചട്ടങ്ങൾ പ്രകാരമാണ് ഭൂരിഭാഗം പട്ടയങ്ങളും. 1964ലെ ഭൂപതിവ് ചട്ടം നിലവിൽവരുന്നതിന് മുമ്പ് 1950ലെ ട്രാവൻകൂർ കൊച്ചിൻ ഭൂമിപതിവ് നിയമപ്രകാരം നാമമാത്ര പട്ടയങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. വീടുവെക്കുന്നതിനും കൃഷിയാവശ്യത്തിനുമാണ് 1964ലെ നിയമപ്രകാരം പട്ടയം. 1960കളിൽ അത് മതിയായിരുന്നു. ജനസാന്ദ്രത കൂടിയപ്പോൾ റോഡുകളും വാണിജ്യയാവശ്യത്തിനുള്ള കെട്ടിടനിർമാണവും ആവശ്യമായി വന്നതോടെ ജില്ലയിൽ ടൗണുകളും ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയ എല്ലാത്തരം നിർമാണങ്ങളും ഉണ്ടായി.
22/8/2019ലെ സർക്കാർ ഉത്തരവോടെ അനധികൃത നിർമാണങ്ങളായി മാറിയിരിക്കുകയാണ് ഇവയെല്ലാം.
ഇടുക്കിയൊഴികെ 13 ജില്ലകളിലും 1964, 1993 വർഷങ്ങളിലെ നിയമങ്ങൾ അനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയിൽ വാണിജ്യ ആവശ്യത്തിനുള്ള നിർമാണത്തിന് സർക്കാർ അനുമതി നൽകുന്നുണ്ട്. അവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് നിയമസംരക്ഷണവും ലഭിക്കുന്നു.
പട്ടയവ്യവസ്ഥകൾ ഭേദഗതി ചെയ്യുകയാണ് ഈ വിഷയം പരിഹരിക്കാനുള്ള ഏക പോംവഴി എന്നിരിക്കെ സംസ്ഥാന സർക്കാർ ഇതിന് തയാറാവാതെ നിയന്ത്രണം സംബന്ധിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുകയാണ്. ഈ നിയമം ഇടുക്കിയിൽ മാത്രമായി നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതിയിലെ സർക്കാറിെൻറ വാദമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.