ഭൂമിയുടെ ന്യായവില: സംസ്ഥാനത്ത് ഏകീകൃത രീതി വരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിൽ ഏകീകൃത രീതി വരുന്നു. മാർഗനിർദേശങ്ങൾ സംബന്ധിച്ച് ഉത്തരവിറങ്ങി. നേരത്തേ പ്രസിദ്ധീകരിച്ച ന്യായവിലകളിൽ നിരവധി ആക്ഷേപങ്ങളും അപാകതകളുമുണ്ടായതിനെതുടർന്നാണ് നടപടി. ലാൻഡ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ലാൻഡ് റവന്യൂ കമീഷണർ കൺവീനറുമായി രൂപവത്കരിച്ച സബ്കമ്മിറ്റിയാണ് വില പുനർനിണയം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശിൽപശാലയിൽ ഉയർന്ന നിർദേശങ്ങളും സി.എ.ജി (കംട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ) നൽകിയ ശിപാർശകളും കണക്കിലെടുത്താണ് ഉത്തരവ്.
ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പരിഗണിച്ചും ജനങ്ങളിൽ അധിക ബാധ്യത ഉണ്ടാക്കാതെയും റവന്യൂ നഷ്ടം വരാതെയും സർക്കാർ നിശ്ചയിക്കുന്ന വിലയാണ് ന്യായവില. സംസ്ഥാനത്താകെ ഏകീകൃത രീതി സ്വീകരിക്കുന്നതിെൻറ ഭാഗമായി ഒരു സർവേ നമ്പറിൽ വരുന്ന ഭൂമിക്ക് വ്യത്യസ്ത ഉപ കാറ്റഗറികൾക്ക് ഉചിതമായ ന്യായവില നിർണയിച്ച് പരമാവധി കുറ്റമറ്റതാക്കും. നവംബർ ഒന്നിന് പുനർനിർണയ ജോലികൾ ആരംഭിക്കും.
സമീപപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന സമാനസ്വഭാവമുള്ള സ്ഥലങ്ങളുടെ ശരാശരി വിൽപന വില മാനദണ്ഡമായി സ്വീകരിക്കും. വില്ലേജുകളുടെ പൊതുഅതിർത്തി പങ്കിടുന്ന ഓരോ കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ വ്യത്യസ്ത വില ഒഴിവാക്കുന്നതിന് ആർ.ഡി.ഒമാർ ജോയൻറ് സിറ്റിങ് നടത്തും. കൃഷിഭൂമി, കൃഷിയിതരഭൂമി, തരിശുസ്ഥലങ്ങൾ, തണ്ണീർത്തടങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, വനപ്രദേശങ്ങൾ എന്നിങ്ങനെ ഏഴുപ്രധാന വിഭാഗമായി ഭൂമിയെ തരംതിരിക്കും. ഇതിന് ഓരോന്നിനും അനവധി ഉപവിഭാഗങ്ങളുമുണ്ട്.
റവന്യൂ രേഖകൾ പരിശോധിച്ച് വിഭാഗവും ഉപവിഭാഗവും തരംതിരിച്ച് പട്ടിക തയാറാക്കും. ഇതിന് ഭൂവൻ പോർട്ടൽ, ഗൂഗിൾ മാപ്പ് മുതലായ സാേങ്കതിക സങ്കേതങ്ങളും ഉപയോഗിക്കും. വില നിർണയിക്കുന്നതിന് വില്ലേജ്, താലൂക്ക്, ജില്ലാതല കമ്മിറ്റികൾ രൂപവത്കരിക്കും. കലക്ടർ, ആർ.ഡി.ഒ, സബ് രജിസ്ട്രാർ എന്നിവരാണ് വിവിധ കമ്മിറ്റികളുടെ മേലധികാരികൾ. ആദ്യം കരട് ന്യായവില റിപ്പോർട്ട് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും നിർദേശങ്ങളും പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കാനാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.