പാട്ടത്തുക പുതുക്കുന്നതില്‍ വീഴ്ച; സര്‍വകലാശാലക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിക്കാത്തത് ഗുരുതര ചട്ടലംഘനവും സര്‍വകലാശാലക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്ന വീഴ്ചയുമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. കാലാനുസൃത വര്‍ധന നടപ്പാക്കാതെ 35 വര്‍ഷം മുമ്പുള്ള പാട്ടത്തുക ഇപ്പോഴും പിരിച്ചെടുക്കുന്നതാണ് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ വിഭാഗത്തിന്റെ വിമര്‍ശനത്തിനിടയാക്കിയത്.
സര്‍വിസ് സംഘടനകളുടെ നിയന്ത്രണത്തിലുള്ള ഓഫിസുകൾ, സൊസൈറ്റികൾ, റസ്റ്റാറന്റുകള്‍, കാന്റീനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് സര്‍വകലാശാല ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സഹകരണ സൊസൈറ്റികളെക്കുറിച്ചാണ് പ്രധാനമായും ഓഡിറ്റ് പരാമര്‍ശം. കെട്ടിടം പണിയുമ്പോള്‍ എന്തി
നാണ് ഉപയോഗിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ഏതുതരം കച്ചവടം നടത്താനും സൊസൈറ്റികള്‍ക്ക് സാധിക്കുന്നു. ഭൂരിഭാഗം കെട്ടിടങ്ങളും സ്വകാര്യവ്യക്തികള്‍ക്ക് മേല്‍വാടകക്ക് നല്‍കുകയും സംഘടനകള്‍ വന്‍തുക വാടക ഈടാക്കുകയും ചെയ്യുന്നു. സര്‍വകലാശാല നിയമങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെങ്കിലും സംഘടനകളെ നിയന്ത്രിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയാറാവുന്നില്ലെന്നാണ് വിമര്‍ശനം.
2004ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഓരോ വര്‍ഷവും 10 ലക്ഷത്തോളം രൂപയാണ് സര്‍വകലാശാലക്ക് പാട്ടത്തുക പുതുക്കാത്തതിനാല്‍ നഷ്ടമാകുന്നത്. ഭൂമിയുടെ ന്യായവിലയുടെ അഞ്ച് ശതമാനം പാട്ടത്തുകയായി വാങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് നടപ്പാക്കാത്തത്.
പാട്ടത്തുക വര്‍ധിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ശിപാര്‍ശ നല്‍കിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. സൊസൈറ്റികള്‍ കൈയടക്കിയ അധികഭൂമി തിരിച്ചെടുക്കണമെന്ന് 2013ലെ നിയാസ് കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം നടപ്പാക്കാന്‍ സര്‍വകലാശാല ഇതുവരെ തയാറായിട്ടില്ല.
ഈ മാസം 16ന് ചേര്‍ന്ന സെനറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നിരുന്നു. സര്‍വകലാശാല കാമ്പസ് ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ ഒഴിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നായിരുന്നു ചര്‍ച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.