സര്‍ക്കാര്‍ഭൂമി കൈയേറ്റം തടയാൻ മോണിറ്ററിങ് സെല്‍
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ഭൂമി കൈയേറ്റം കണ്ടെത്തുന്നതിനും തടയുന്നതിനും ഒഴിപ്പിക്കുന്നതിനും ലാൻഡ് റവന്യൂ കമീഷണറെയും അസി. കമീഷണറെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി മോണിറ്ററിങ് സെല്‍ രൂപവത്കരിച്ചു. കൈയേറ്റം സംബന്ധിച്ച് കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരില്‍ നിന്ന് സെല്‍ റിപ്പോര്‍ട്ട് തേടും. കൈയേറ്റം സമയബന്ധിതമായി ഒഴിപ്പിക്കുന്നതിന് ഇടപെടുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
മാധ്യമങ്ങളില്‍ ഭൂമികൈയേറ്റം സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ സെല്ലിന് അധികാരമുണ്ടാവും. അധികാരസ്ഥാപനങ്ങളുടെ സ്റ്റേ ഉത്തരവുകള്‍ ഒഴിപ്പിച്ചെടുക്കാനുള്ള ചുമതലയുമുണ്ട്. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാറിെൻറ ഭാഗം വാദിക്കാനും സ്റ്റേറ്റ്മെൻറുകളും കൗണ്ടര്‍ അഫിഡവിറ്റുകളും ഫയല്‍ ചെയ്യാനും സത്വരനടപടി സ്വീകരിക്കും. സബ് കലക്ടര്‍മാരുടെയും ആര്.ഡി.ഒമാരുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമികളുടെയും പുറമ്പോക്കുകളുടെയും ഇടവഴികളുടെയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് സ്പെഷല്‍ ഡ്രൈവ് നടത്താനും സെല്ലിനെ ചുമതലപ്പെടുത്തി. കോടതി ഇടപെടലുകള്‍ കാരണം ഒഴിപ്പിക്കാനാവാത്ത കൈയേറ്റങ്ങളെക്കുറിച്ച വിവരം കലക്ടര്‍മാര്‍ മോണിറ്ററിങ് സെല്ലിന് റിപ്പോര്‍ട്ട് ചെയ്യാന്‍ നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.