ദേശീയപാതക്കായി വീണ്ടും ഭൂമി ഏറ്റെടുത്തേക്കും
text_fieldsആലപ്പുഴ: ദേശീയപാത 66 നവീകരണത്തിനായി ജില്ലയിലെ പ്രധാന കവലകളിൽ വീണ്ടും ഭൂമി ഏറ്റെടുത്തേക്കും. ബസ് ബേകളുടെ നിർമാണത്തിനായാണ് വീണ്ടും ഭൂമി ആവശ്യമായി വരുന്നത്. പ്രധാന പാതയുടെ നിർമാണം പൂർത്തിയാകുന്നതിനനുസരിച്ചേ ബസ് ബേയ്ക്കുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ. ഒരോ സ്ഥലത്തിന് അനുസരിച്ചാകും ബസ് ബേയുടെ നീളം കണക്കാക്കുക. അതനുസരിച്ചാകും ഭൂമി ഏറ്റെടുക്കൽ.
2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാകുന്ന വിധത്തിലാണ് ദേശീയപാത വികസനം നടക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയിൽ നിർമാണത്തിന് വേഗത കുറവാണ്. പ്രധാന പാതയും ഇരുവശവുമുള്ള സർവീസ് റോഡുകളുടെ നിർമാണവും ഒരേ സമയമാണ് നടന്നുവരുന്നത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായ ശേഷമായിരിക്കും ബസ്ബേകൾ നിർമിക്കുക. വീതികുറവുള്ള സ്ഥലങ്ങളിലാണ് ബസ്ബേകൾക്കായി ഭൂമി ഏറ്റെടുക്കുക.
ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിനാവശ്യമായ സ്ഥലമാണ് നിലവിൽ ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ബസ് ബേയ്ക്കുള്ള സ്ഥലം ഉൾപ്പെട്ടിട്ടില്ല. ആറുവരിപ്പാത നിർമാണം പൂർത്തിയാകുമ്പോഴാണ് ബസ് ബേ നിർമിക്കുക. ഇതിനാവശ്യമായ സ്ഥലം അതിനനുസരിച്ച് ഏറ്റെടുക്കും.
ഓരോ പ്രദേശത്തെയും യാത്രക്കാരുടെ തിരക്കിന് കണക്കാക്കിയായിരിക്കും ബസ് ബേയുടെ നീളം നിശ്ചയിക്കുക. സ്ഥലം ഏറ്റെടുപ്പും ഇതനുസരിച്ചാകും. ഏറ്റെടുക്കുന്ന ഭൂമിക്കും വസ്തുവകകൾക്കും വലിയതോതിൽ പ്രതിഫലം നൽകുന്നതിനാൽ അവ വിട്ടു നൽകുന്നതിന് നാട്ടാകാർ വിമുഖത കാട്ടുന്നില്ല. ഇത് എൻ.എച്ച് അതോറിട്ടിക്ക് അനുഗ്രഹമായിരിക്കുകയാണ്.
പ്രധാന നിർമാണം പാലങ്ങളുടേത്
ദേശീയപാതക്കായി ഏറ്റവും വലിയ നിർമാണങ്ങൾ നടക്കുന്നത് പാലങ്ങൾക്കും മേൽപാലങ്ങൾക്കുമായാണ്. മറ്റിടങ്ങളിൽ മണ്ണിട്ട് ഉയർത്തലും നിരപ്പാക്കലും ഓട നിർമാണവുമേ ഉള്ളൂ. ജില്ലയിൽ പാലം, അടിപ്പാത, മേൽപാലം തുടങ്ങിയവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ആലപ്പുഴ ബൈപ്പാസ്, കാക്കാഴം മേൽപ്പാലം, തോട്ടപ്പള്ളി, കരുവാറ്റ കന്നുകാലിപാലം, ഡാണാപടിപ്പാലം എന്നിവയാണ് ജില്ലയിലെ പ്രധാന പാലങ്ങൾ. ഇവയുടെ നിർമ്മാണം രാവും പകലുമായി നടക്കുകയാണ്. ഇതോടൊപ്പം 12.75 കിലോമീറ്റർ വരുന്ന അരൂർ-തുറവൂർ ആകാശപാതയുടെ നിർമാണവും പുരോഗമിക്കുന്നു.
തുറവൂരിൽ ഉയരപാതയിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സൗകര്യം ഒരുക്കുന്നിടങ്ങളിലും ഭൂമി ഏറ്റെടുക്കും. എറണാകുളം ഇടപ്പള്ളി - അരൂർ എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യത പരിശോധിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന ജങ്ഷനുകളിലെല്ലാം അടിപ്പാതകൾ നിർമിക്കേണ്ടതിനാൽ അതനുസരിച്ച് പ്രധാന റോഡ് ഉയർത്തുന്നതിന് വലിയതോതിൽ മണ്ണ് ആവശ്യമായിവരുന്നുണ്ട്.
നിർമിക്കേണ്ടത് 75 പാലങ്ങൾ
ജില്ലയിൽ ചെറുതും വലുതുമായ 75 പാലങ്ങളാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുനർനിർമിക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേ ചാനലിലെ പുതിയ പാലം, ബൈപ്പാസിലെ സമാന്തര മേൽപാത എന്നിവയാണ് പ്രധാന പാലങ്ങൾ.
തോട്ടപ്പള്ളി സ്പിൽവേ പുതിയ പാലം നിർമാണത്തിന്റെ പൈലിങ് നടന്നുവരുന്നു. നിലവിലെ പാലത്തിന് സമാന്തരമായി ദേശീയ ജലപാതയിലെ പുത്തൻ പാലവുമായി ബന്ധിപ്പിച്ച് 444 മീറ്റർ നീളത്തിലാണ് പാലം നിർമാണം. 380 പൈലുകളാണ് നിർമിക്കേണ്ടത്. കരയിലുള്ള പൈലിങാണ് പുരോഗമിക്കുന്നത്. ജലാശയത്തിലെ പൈലിങിനുള്ള യന്ത്രങ്ങൾ എത്തിയതിനാൽ വൈകാതെ ജോലി ആരംഭിക്കും.
ബൈപ്പാസിലെ സമാന്തരപാതയുടെ തൂണുകളുടെ നിർമാണം അവസാഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായ മേൽപ്പാലത്തിന്റെ നീളം 3.43 കിലോമീറ്ററാണ്. 96തൂണുകൾ പൂർത്തീകരിച്ചു. ഗർഡറുകളും തയാറായിട്ടുണ്ട്. അവ സ്ഥാപിക്കുന്ന ജോലി വൈകാതെ ആരംഭിക്കും. 14മീറ്റർ വീതിയിൽ മൂന്ന് വരി പാതയാണ് പുതിയതായി നിർമിക്കുന്നത്. കാക്കാഴം റെയിൽവേ മേൽപാലം, കരുവാറ്റ കന്നുകാലി പാലം, ഡാണാപ്പടി പാലം എന്നിവയുടെ പൈലിങ് അവസാനഘട്ടത്തിലാണ്.
കുത്തിയതോട്ടിലെ സമാന്തര പാലത്തിന് ഉയരമില്ല; ജലയാത്രികർ ആശങ്കയിൽ
തുറവൂർ : തുറവൂർ - അരൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടുന്നതിന് നാലുവരി പാതയിലുള്ള കുത്തിയതോട് പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലം ജലഗതാഗതത്തിന് തടസ്സമുണ്ടാക്കുമെന്ന് ആശങ്ക. കുത്തിയതോട് പൊലീസ് സ്റ്റേഷൻന്റെ മുമ്പിൽ സമാന്തര പാലം നിർമിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിർമാണം ആരംഭിച്ചപ്പോൾതന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ആശങ്കയിലായിരിക്കുകയാണ്. വർഷങ്ങളോളം നീളുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തോട്ടിലൂടെയുള്ള ജലഗതാഗതത്തെ പാടെ ഇല്ലാതാക്കുമെന്നാണ് ആശങ്ക.
പള്ളിത്തോട്, ചെല്ലാനം, തഴുപ്പ്, കോടംതുരുത്തിന്റെ തീരപ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ വേമ്പനാട്, കൈതപ്പുഴ, കുറുമ്പി കായലുകളിലേക്ക് ദിവസേന കടന്നുപോകുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി കുത്തിയ തോട്ടിലൂടെ നിരവധി ജലയാനങ്ങളും സഞ്ചരിക്കാറുണ്ട്. കുത്തിയതോട് തോട്ടിലൂടെ വള്ളങ്ങൾക്ക് കടന്നു പോകുവാൻ കഴിയുന്ന വിധത്തിൽ രണ്ടുമീറ്റർ ഉയരത്തിലെങ്കിലും താൽക്കാലിക പാലം പണിയണമെന്നാണ് ആവശ്യം.
റോഡ് സൗകര്യമില്ലാത്ത തീരദേശവാസികൾക്ക് നിർമ്മാണാവശ്യത്തിന് സാധനസാമഗ്രികൾ എത്തിക്കുന്നതും വലിയ വള്ളങ്ങളിലാണ്. ഇതും പ്രതിസന്ധിയിലാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.പി, എം.എൽ.എ, ജില്ല കലക്ടർ, ദേശീയപാത അധികൃതർ, ഇറിഗേഷൻ വകുപ്പ് അധികൃതർ എന്നിവർക്ക് ജെ.എസ്.എസ് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.